കോഴിക്കോട്: നിപ സാഹചര്യത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതല്‍ ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളില്‍ പഠനം നടത്തും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ നിന്നും കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള ഡോക്ടര്‍മാരും കേന്ദ്ര സംഘത്തോടൊപ്പം ചേരുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ഭാഗത്ത് ചത്ത നിലയില്‍ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡം വനം വകുപ്പിന്റെ അഭ്യര്‍ത്ഥനപ്രകാരം പരിശോധിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്ട്രോള് റൂമിലേക്ക് വവ്വാലുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി എട്ടു കോളുകളാണ് വന്നതെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.