വാഷിങ്ടൺ: യു.എസിലെ മിയാമി ഇന്റർനാഷണൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണം മോഷ്ടിച്ച് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ജീവനക്കാർ. ഇവർ മോഷണം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. യാത്രക്കാരുടെ ബാഗുകളിൽ നിന്നും ജീവനക്കാർ 600 ഡോളർ മോഷ്ടിച്ചുവെന്നാണ് റിപ്പോർട്ട്. ജൂൺ 29നാണ് സംഭവമുണ്ടായത്.
ജോഷ്വോ ഗോൺസാലസ്, ലാബറിസ് വില്യംസ് എന്നിവരാണ് മോഷണത്തിന് പിടിയിലായത്. യാത്രക്കാരുടെ ബാഗുകളും വാലറ്റുകളും എക്സ്റേ മെഷ്യനിലൂടെ പോകുമ്പോഴായിരുന്നു ഇവർ മോഷണം നടത്തിയത്. യാത്രക്കാരുടെ വാലറ്റുകളിൽ നിന്നും പണമെടുത്ത് പോക്കറ്റിലിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഇരുവരും ജൂലൈയിൽ തന്നെ അറസ്റ്റിലായെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും ചേർന്ന് 1000 ഡോളർ വരെ ഇത്തരത്തിൽ മോഷ്ടിച്ചിട്ടുണ്ടെന്ന് സമ്മതിച്ചായി റിപ്പോർട്ടുകളുണ്ട്. പരാതി ലഭിച്ചയുടൻ ഇരുവരേയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിയെന്നും സംഭവത്തിൽ പൊലീസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ അറിയിച്ചു.