കോഴിക്കോട് : അബുദാബിയിൽ വ്യവസായിയേയും മാനേജരെയും കൊന്ന കേസിലെ മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ സി ബി ഐ പരിശോധന. നിലമ്പൂർ മുക്കട്ടയിലെ വീട്ടിലാണ് സി ബി ഐ സംഘം പരിശോധന നടത്തുന്നത്.ഷൈബിൻ അഷ്റഫിന്‍റെ ബിസിനസ് പങ്കാളിയായിരുന്ന അബുദാബിയിലെ വ്യവസായി ഹാരിസ്, മാനേജർ ചാലക്കുടി സ്വദേശി ഡെൻസി എന്നിവർ 2020 മാർച്ച് 5 നാണ് കൊല്ലപ്പെടുന്നത്. ഡെൻസിയെ കൊന്നശേഷം, ഹാരിസ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു അബുദാബി പൊലീസ് കരുതിയിരുന്നത്. എന്നാൽ അങ്ങനെ വരുത്തി തീർക്കുകയായിരുന്നുവെന്നും കൊലപാതകത്തിന് പിന്നിൽ ഷൈബിനായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു.
ഹാരിസിന്‍റെ ബന്ധുക്കളുടെ ഹര്‍ജിയിലാണ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്. പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫ് കൊലക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിനെതിരായ കൂട്ടു പ്രതികളുടെ വെളിപ്പെടുത്തലുകളാണ് അബുദാബിയിലെ ഇരട്ട കൊലപാതകത്തിലേക്കുള്ള വെളിച്ചം വീശിയത്. രണ്ട് പേരുടെയും മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.
2020 മാര്‍ച്ച് 5 നാണ് ഷൈബിന്‍റെ ബിസിനസ് പങ്കാളിയായ ഹാരിസിനെയും ജീവനക്കാരിയായ യുവതിയെയും അബുദാബിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യലഹരിയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നായിരുന്നു അബുദാബി പൊലീസിന്‍റെ കണ്ടെത്തല്‍. രണ്ട് വര്‍ഷത്തിന് ശേഷമാണ് പാരമ്പര്യ വൈദ്യന്‍ കൊലക്കേസില്‍ നാടകീയമായി ഷൈബിന്‍ അഷ്റഫ് പിടിയിലാകുന്നത്. അബുദാബിയിലെ മരണങ്ങളില്‍ ഷൈബിന് പങ്കുണ്ടന്ന് ഈ കേസിലെ കൂട്ടു പ്രതികള്‍ മൊഴി നല്‍കി. നാട്ടിലിരുന്ന് ഷൈബിന്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നായിരുന്നു പൊലീസിന് ലഭിച്ച മൊഴികള്‍. ഈ വിവരം പുറത്ത് വന്നതിന് പിന്നാലെ രണ്ടുപേരുടെയും മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം ചെയ്തു.