മരിച്ചവരുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നവരെ കണ്ടെത്തും; സ്രവ പരിശോധനാ ഫലം വെെകിട്ട് ലഭിക്കും : മന്ത്രി വീണാ ജോർജ്

news image
Sep 12, 2023, 8:21 am GMT+0000 payyolionline.in

കോഴിക്കോട് : കോഴിക്കോട് പനി ബാധിച്ച് മരിച്ചവരുമായി അടുത്ത സമ്പർക്കമുള്ളവരെ കണ്ടെത്തുമെന്ന് മന്ത്രി വീണാ ജോർജ്. നിപയെന്ന് സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും. മുമ്പ് ഇതുപോലുള്ള മരണങ്ങൾ ഉണ്ടായോന്ന് അന്വേഷിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. കോഴിക്കോട് ഉന്നതതല യോ​ഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

 

നിപാ ബാധ സംശയിക്കുന്ന രണ്ടുപേരുടെ സ്രവ പരിശോധനാ ഫലം ചൊവ്വാഴ്‌ച വൈകിട്ട്‌  ലഭിക്കുമെന്നും  മന്ത്രി പറഞ്ഞു.  രണ്ട്‌ സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലിരിക്കെ മരിച്ചവരുടെ സ്രവങ്ങളാണ്‌ പുണെയിലെ വൈറോളജി ലാബിലക്ക്‌ പരിശോധനക്ക്‌ അയച്ചത്‌. നിപ സംശയിക്കുന്ന സാഹചര്യത്തിലുള്ള അടിയന്തിര പ്രതിരോധ പ്രവർത്തനങ്ങളുടെ ജാഗ്രതാനിർദേശങ്ങളാണ്‌ ഇപ്പോൾ നടക്കുന്നത്‌. രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്‌. പ്രാഥമിക സമ്പർക്കമുണ്ടായവരുടേയും അടുത്ത സമ്പർക്കം പുലർത്തിയവരുടേയും പട്ടികയാണ്‌ തയ്യാറാക്കിയത്‌. അടുത്ത സമ്പർക്കം പുലർത്തിയ മുഴുവൻ പേരേയും നിരീക്ഷണത്തിലാക്കും.

തിങ്കളാഴ്‌ച മരണമടഞ്ഞ 49 വയസുള്ളയാളുടെ മൃതദേഹം മുൻകരുതലുകളോടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്‌. സ്രവ പരിശോധനാഫലം വന്നശേഷമേ ഈ മൃതദേഹം സംസ്‌കരിക്കൂവെന്നും കോഴിക്കോട്ട്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ്‌ സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്‌. നിപ സ്ഥിരീകരിക്കപ്പെട്ടാൽ വിദഗ്‌ധ ഡോക്ടർമാരെ ഉൾപ്പെടെ ഇവിടേക്ക്‌ നിയോഗിക്കും.

ആദ്യ മരണമടഞ്ഞയാളും തിങ്കഴാഴ്‌ച മരിച്ചയാളും തമ്മിൽ ആശുപത്രിയിൽ ഒരു മണിക്കൂറിലേറെ സമ്പർക്കമുള്ളതായി മനസ്സിലാക്കുന്നു. നിപയാണെന്ന്‌ സംശയിക്കാനുള്ള പ്രധാന സാഹചര്യം ഇതാണ്‌. ലിവർ സിറോസിസ്‌ മൂലമാണ്‌ ഒന്നാമത്തെ മരണം എന്നാണ്‌ കരുതിയിരുന്നത്‌. പിന്നീട്‌ ഇയാളുടെ ഒമ്പതുവയസുള്ള മകനും സഹോദരനും പത്തുമാസം മാത്രമുള്ള കുഞ്ഞിനും ഉൾപ്പെടെ നിപാ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ്‌ ആരോഗ്യവകുപ്പ്‌ മുൻകരുതൽ സ്വകീരിക്കാൻ തുടങ്ങിയത്‌. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിനിടെയാണ്‌ തിങ്കളാഴ്‌ച വൈകിട്ടോടെ രണ്ടാമത്തെ മരണമുണ്ടായത്‌.

ആരോഗ്യവകുപ്പ്‌ ഈ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്യാവുന്ന എല്ലാ മുന്നൊരുക്കങ്ങളും ചെയ്‌തിട്ടുണ്ട്‌. നിപ ആവാതിരിക്കെട്ടെ എന്നാണ്‌ ആഗ്രഹിക്കുന്നത്‌. രോഗലക്ഷണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ഒട്ടും സമയനഷ്ടം ഇല്ലാതിരിക്കാനാണ്‌ ഇപ്പോഴത്തെ മുൻകരുതലുകൾ. രോഗം സ്ഥിരീകരിക്കപ്പെട്ടാൽ 2018ൽ തയ്യാറാക്കിയതും 2021ൽ പുതുക്കിയതുമായ ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിലവിൽ ജില്ല മുഴുവനും ജാഗ്രതാനിർദേശമുണ്ടെന്നും മന്ത്രി പറഞ്ഞു.

കലക്ടറേറ്റിൽ യോഗം ചേരുന്നു
കോഴിക്കോട്‌: കോഴിക്കോട്‌ രണ്ട്‌ നിപാ മരണങ്ങൾ സംശയിക്കുന്ന സാഹചര്യത്തിൽ മന്ത്രിമാരായ വീണാ ജോർജും പി എ മുഹമ്മദ്‌ റിയാസും പങ്കെടുക്കുന്ന അടിയന്തിര യോഗം ചൊവ്വാഴ്‌ച രാവിലെ 10.30ന്‌ കലക്ടറേറ്റിൽ ആരംഭിക്കും. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ്‌ എല്ലാ പരിപാടികളും റദ്ദാക്കി മന്ത്രിമാർ കോഴിക്കോട്ട്‌ എത്തിയത്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe