കോഴിക്കോട്: റേഷൻ വ്യാപാരികളോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ കടകൾ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കിറ്റ് വിതരണത്തിന് റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശ്ശിക നൽകണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കുക, ആറുവർഷം മുമ്പ് നടപ്പാക്കിയ വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധി പരിഷ്കരിക്കുക, വൈദ്യുതി ചാർജും കട വാടകയും സർക്കാർ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. സൈനുദ്ദീൻ, ജില്ല പ്രസിഡന്റ് വി.വി. രാജൻ നായർ, ഇ.പി. ബാലകൃഷ്ണൻ, എസ്.ജി. ജിതേഷ്, കെ. അസീസ് പന്തീരാങ്കാവ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കടകൾ തുറക്കുമെന്ന് സംയുക്തസമിതി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടൂർ പ്രകാശ് എം.പി നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് തിങ്കളാഴ്ച പ്രഖ്യാപിച്ച റേഷൻ കടയടപ്പ് സമരത്തിൽനിന്ന് മറ്റ് റേഷൻ സംഘടനകൾ പിന്മാറി.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കൃഷ്ണപ്രസാദ് നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും സമരത്തിനുണ്ടാകില്ലെന്നും 11നു കടകൾ തുറക്കുമെന്നും റേഷൻ വ്യാപാരി സംയുക്തസമിതി ചെയർമാൻ അഡ്വ. ജോണി നെല്ലൂർ അറിയിച്ചു.
റേഷൻ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിന് പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതി വ്യാപാരികളുടെ അഭിപ്രായങ്ങളും ശിപാർശകളും അറിയിക്കുന്നതിനുവേണ്ടി താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സമരത്തിൽനിന്ന് പിന്മാറുന്നതെന്നും കൃഷ്ണപ്രസാദ് അറിയിച്ചു.