ഗൂഗിൾ സേർച് സംവിധാനത്തെ കൂടുതൽ പരിഷ്കരിക്കുന്ന സെർച് ജനറേറ്റീവ് എക്സ്പീരിയൻസ്(എസ്.ജി.ഇ) സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ചു. എസ്.ജി.ഇ യു.എസിന് പുറത്ത് ഗൂഗിൾ ആദ്യമായി അവതരിപ്പിക്കുന്നത് ഇന്ത്യയിലും ജപ്പാനിലുമാണ്. ഗൂഗിൾ വെബ്സൈറ്റിലും ആപ്പിലും എസ്.ജി.ഇ ആക്ടിവേറ്റ് ചെയ്യുന്നവർക്ക് ജനറേറ്റീവ് എ.ഐയുടെ പിന്തുണയോടെയുള്ള സേർച്ചിന് അനുസരിച്ചുള്ള ഫലങ്ങൾ ലഭിക്കും.
ഗൂഗിൾ ഡോട്.കോം വെബ്സൈറ്റിലോ ഫോണിലെ ഗൂഗിൾ ആപ്പിലുള്ള സേർച് ലാബ്സ് ഐകണിൽ ക്ലിക്ക് ചെയ്തോ എസ്.ജി.ഇ ആക്ടിവേറ്റ് ചെയ്യാം. എന്താണോ സേർച്ച് ചെയ്യുന്നത് അതിനെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കുകയാണ് എസ്.ജി.ഇയുടെ ലക്ഷ്യം.
സാധാരണയായി, ഗൂഗിളിൽ എന്തെങ്കിലും തിരയുമ്പോൾ, വെബ്പേജുകളിലേക്കുള്ള ലിങ്കുകളുടെ ഒരു ലിസ്റ്റ് കാണുകയും നിങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ ലഭിക്കുന്നതിന് വിവിധ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും വേണം. എന്നാൽ, എസ്.ജി.ഇ ഉപയോഗിക്കുമ്പോൾ ഉപയോക്താവിനുള്ള എല്ലാ ജോലികളും ഗൂഗിൾ ചെയ്യും. കൂടാതെ തിരയൽ ഫലങ്ങളുടെ മുകളിൽ എ.ഐ സൃഷ്ടിച്ച ഒരു സംഗ്രഹവും ഉണ്ടായിരിക്കും.
എസ്.ജി.ഇ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം
- ഗൂഗിൾ ഡോട് കോം- ലേക്കോ ആപ്പിലേക്കോ പോകുക
- സ്ക്രീനിന്റെ മുകളിൽ വലതുവശത്തുള്ള സേർച് ലാബ്സ് ഐകണിൽ ക്ലിക്ക് ചെയ്യുക
- ഇവിടെ എസ്.ജി.ഇ, ജനറേറ്റീവ് എ.ഐ എന്നിവയെ കുറിച്ചുള്ള ഒരു പോപ്പ്അപ്പ് കാണാം
- when turned on എന്ന് പറയുന്നതിന് അടുത്തുള്ള ടോഗിൾ ബട്ടൺ കണ്ടെത്തുക
- ഇത് ക്ലിക്ക് ചെയ്യുമ്പോൾ എസ്.ജി.ഇ പ്രവർത്തനക്ഷമമാവും