ഹൈദരാബാദ്: അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന പാകിസ്താൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ഷംഗൽ ജില്ലയിൽ നിന്നുള്ള ഫായിസ് മുഹമ്മദിനെ പിടികൂടിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ പി. സായ് ചൈതന്യ അറിയിച്ചു.
2022-ൽ നേപ്പാൾ വഴിയാണ് ഫായിസ് മുഹമ്മദ് ഇന്ത്യയിൽ എത്തുന്നത്. ഹൈദരാബാദ് സ്വദേശിയായ ഭാര്യയോടൊപ്പം നഗരത്തിൽ താമസിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് പാകിസ്താൻ പാസ്പോർട്ടും മറ്റ് രേഖകളും പിടിച്ചെടുത്തു.
ഇന്ത്യയിൽ തുടരാൻ വ്യാജ ഐ.ഡി പ്രൂഫ് വാങ്ങാമെന്ന് ഭാര്യാ സഹോദരൻ നൽകിയ വാഗ്ദാനത്തെ തുടർന്നാണ് ഇയാൾ ഭാര്യയെയും മകനെയും കാണാൻ ഹൈദരാബാദിലെത്തിയത്. ഫായിസിനെതിരെ ഐ.പി.സിയിലെയും ഫോറിനേഴ്സ് ആക്ടിലെയും വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
2018-ൽ ഫായിസ് ഒരു ഗാർമെന്റ്സ് കമ്പനിയിൽ ജോലിക്കായി യു.എ.ഇയിലേക്ക് പോയിരുന്നു. അവിടെവച്ചാണ് വിവാഹം നടക്കുന്നത്. യുവതി 2022 ആഗസ്റ്റിൽ ഹൈദരാബാദിൽ തിരിച്ചെത്തുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.