ദോഹ: കൊവിഡിന്റെ പുതിയ വകഭേദം ഖത്തറില്‍ കണ്ടെത്തി. കൊവിഡ് 19ന്റെ ഉപ വകഭേദമായ ഇജി.5 ആണ് ഖത്തറില്‍ കണ്ടെത്തി. പുതിയ ഉപ വകഭേദത്തിന്റെ പരിമിതമായ കേസുകളുടെ രജിസ്ട്രേഷന് ഓഗസ്റ്റ് 31ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ലളിതമാണെന്നും ഈ ഘട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം വിശദമാക്കി.
പുതിയ കൊവിഡ് വകഭേദത്തിന്റെ പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ മാസം ആദ്യം ലോകാരോഗ്യസംഘടന ഇജി.5 എന്ന് വിളിക്കുന്ന കൊവിഡ് 19ന്റെ പുതിയ ഉപ വകഭേദം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ ഗള്‍ഫ് മേഖല ഉള്‍പ്പെടെ 50ലേറെ രാജ്യങ്ങളില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.