സവർക്കറിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിക്കും- മുംബൈ ബി.ജെ.പി മേധാവി

news image
Aug 31, 2023, 10:36 am GMT+0000 payyolionline.in

മുബൈ:  ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി സവർക്കറിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിക്കുമെന്ന് മുംബൈയിലെ ബി.ജെ.പി മേധാവിയും എം.എൽ.എയുമായ ആശിഷ് ഷെലാർ. ജയിൽ മോചിതനാകാൻ വി.ഡി സവർക്കർ ബ്രിട്ടീഷുകാരോട് ക്ഷമാപണം നടത്തിയെന്ന് രാഹുൽ ഗാന്ധി പലപ്പോഴും പറഞ്ഞിട്ടുണ്ട്. സവർക്കറെ രാഹുൽ ഗാന്ധി നിരന്തരം അപമാനിക്കുകയാണെന്നും രാഹുൽ ഗാന്ധി സംസാരിക്കുന്ന വേദിക്ക് സമീപം ഇന്ന് വൈകുന്നേരം ബി.ജെ.പി പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷെലാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇൻഡ്യ സഖ്യത്തിന്‍റെ മൂന്നാമത്തെ യോഗം ഇന്നും നാളെയുമായി മുബൈയിൽ നടക്കുകയാണ്. ഇതിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ഉണ്ടാകുമെന്ന് ആശിഷ് ഷെലാർ അറിയിച്ചത്. സവർക്കറുടെ ഉറച്ച അനുയായിയാണെന്ന് ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ പറയുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധി ആക്ഷേപകരമായ പ്രസ്താവനകൾ സവർക്കർക്കെതിരെ നടത്തുമ്പോൾ അദ്ദേഹം നിശബ്ദത പാലിക്കുകയാണ്.

താക്കറെയും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരും സേനയെ വെറുക്കുന്ന ആളുകൾക്ക് ആതിഥേയരായി മാറിയിരിക്കുന്നു. ഈ ആളുകൾ വർഷങ്ങളായി ശിവസേന സ്ഥാപകൻ ബാലാസാഹെബ് താക്കറെയെ വെറുക്കുന്നവരാണ്. അവരെല്ലാം ഇപ്പോൾ ഒത്തുചേർന്നിരിക്കുന്നു. ഉദ്ധവ് താക്കറെ അവരെ സേവിക്കുന്നുവെന്നും ഷെലാർ പറഞ്ഞു.

മഹാരാഷ്ട്രയെ വെറുക്കുന്ന ഈ നേതാക്കൾക്കായി ചുവന്ന പരവതാനി വിരിച്ചതിൽ താക്കറെക്കും എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനും ലജ്ജ തോന്നണം. ജനാധിപത്യം സംരക്ഷിക്കാൻ തങ്ങൾ ഒത്തുചേർന്നിരിക്കുന്നുവെന്ന് പ്രതിപക്ഷ സഖ്യമായ ഇൻഡ്യയിലെ അംഗങ്ങൾ അവകാശപ്പെടുന്നു. എന്നാൽ വാസ്തവത്തിൽ അവർ തങ്ങളുടെ കുടുംബങ്ങളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആശിഷ് ഷെലാർ ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe