ന്യൂഡൽഹി ∙ വിലക്കയറ്റം വീണ്ടും പിടിമുറുക്കുന്നതിനിടയിൽ, വരാനിരിക്കുന്ന 5 സംസ്ഥാന തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽക്കണ്ടു ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) കേന്ദ്രം 200 രൂപ കുറച്ചു. പുതിയ നിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നു. ഡീസൽ, പെട്രോൾ വിലയും കുറയ്ക്കുമെന്ന് അഭ്യൂഹമുണ്ട്. പുതിയ തീരുമാനത്തോടെ കൊച്ചിയിൽ 1110 ആയിരുന്ന ഗാർഹിക സിലിണ്ടറിന്റെ വില 910 ആയി കുറഞ്ഞു. ഡൽഹിയിൽ 1103 രൂപയായിരുന്ന സിലിണ്ടറിന് 903 രൂപയായി. ‘പ്രധാനമന്ത്രി ഉജ്വല’ പദ്ധതിപ്രകാരം പാചകവാതക കണക്ഷൻ ലഭിച്ച, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്ക് സിലിണ്ടറിന് 200 രൂപ സബ്സിഡി തുടരുമെന്നതിനാൽ ഫലത്തിൽ 400 രൂപയുടെ ഇളവുണ്ടാകും.
രാജ്യത്തെ കോടിക്കണക്കിനു സഹോദരിമാർക്കുള്ള ‘രക്ഷാബന്ധൻ’ സമ്മാനമാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ വിലക്കുറവിന്റെ ബാധ്യത ഏറ്റെടുക്കും. പിന്നീട് ഈ തുക കേന്ദ്രം കമ്പനികൾക്കു നൽകിയേക്കും. 2022 ഒക്ടോബറിൽ സമാനരീതിയിൽ 22,000 കോടി രൂപ കമ്പനികൾക്കു നൽകിയിരുന്നു.
രാജ്യത്ത് 31 കോടി ഗാർഹിക എൽപിജി ഉപയോക്താക്കളാണുള്ളത്. ഇതിൽ 9.6 കോടി പേർ ഉജ്വല പദ്ധതിയിലെ അംഗങ്ങളാണ്. കേരളത്തിൽ 3 ലക്ഷത്തിലേറെപ്പേർ ഉജ്വല പദ്ധതിയിലുണ്ട്. 2020 ജൂണിലാണു കേന്ദ്രം എല്ലാവർക്കുമുള്ള എൽപിജി സബ്സിഡി അവസാനിപ്പിച്ചത്. 2022 മേയിൽ ഉജ്വല പദ്ധതിയിൽ മാത്രം 200 രൂപ സബ്സിഡി നൽകിത്തുടങ്ങി.
പതിറ്റാണ്ടിന്റെ പാപം വില കുറച്ചാൽ പോകില്ല: ഖർഗെ
പാചകവാതക വില കുറച്ചത് തിരഞ്ഞെടുപ്പു തട്ടിപ്പാണെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. കഴിഞ്ഞ 9 വർഷമായി ജനങ്ങളെ കൊള്ളയടിക്കുകയാണു കേന്ദ്ര സർക്കാർ. ഇത്രയും വർഷം ഉയർന്ന വിലയിൽ നൽകിയിരുന്ന പാചകവാതകത്തിന് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിലകുറച്ചു. അവർ ചെയ്ത പാപം കഴുകിക്കളയാനാകില്ലെന്നും ഖർഗെ പറഞ്ഞു. ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിന്റെ വെറും 2 മീറ്റിങ്ങുകൾ കഴിഞ്ഞപ്പോഴേക്കും എൽപിജി വില 200 രൂപ കുറഞ്ഞെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.
പുതുച്ചേരിയിൽ 350–500 കുറയും
പുതുച്ചേരിയിൽ പാചക വാതക സിലിണ്ടറിന്റെ വില 350 മുതൽ 500 രൂപ വരെ കുറയും. സിലിണ്ടറിനു സബ്സിഡി നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണിത്. ബിപിഎൽ കാർഡ് ഉടമകൾക്ക് 300 രൂപ സബ്സിഡി ഉള്ളതിനാൽ ആകെ 500 രൂപയും അല്ലാത്തവർക്ക് 150 രൂപ സബ്സിഡി ഉള്ളതിനാൽ ആകെ 350 രൂപയും കുറയും.