ദില്ലി:പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ നിര്‍ണ്ണായക യോഗം നാളെ മുംബൈയില്‍ ചേരും. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന ജെഡിയുവിന്റെ നിലപാട് കോണ്‍ഗ്രസ് തള്ളി. അരവിന്ദ് കെജരിവാളിനെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
പാറ്റ്ന, ബംഗലുരു യോഗങ്ങള്‍ക്ക് ശേഷം മൂന്നാമത് യോഗമാണ് മുംബൈയില്‍ ചേരുന്നത്. 26 പാര്‍ട്ടികള്‍ പങ്കെടുക്കും. ഡിസംബറില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്ക്കുമ്പോള്, തെരഞ്ഞെടുപ്പ് ഒരുക്കം തന്നെയാകും മുഖ്യ അജണ്ട.മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമോയെന്നതാണ് ആകാംക്ഷ. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രതിപക്ഷ പാര്‍ട്ടികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നു കഴിഞ്ഞെന്നും കഴിഞ്ഞ ദിവസം രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗലോട്ട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നും ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന കെജരിവാളിന്റെ ദില്ലി ഭരണം പദവിക്ക് പ്രാപ്തനാക്കുന്നതാണെന്ന് പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കര്‍ പറഞ്ഞു.
കണ്‍വീനര്‍ പദവിയിലും ചര്‍ച്ച നടക്കും. നിതിഷ് കുമാര്‍ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് ശിവസേന അടക്കമുള്ള കക്ഷികള്‍ നേരത്തെ ആവശ്യപ്പട്ടിരുന്നു. കോണ്‍ഗ്രസും, മമത ബാനര്‍ജിയും നിലപാടിനെ പിന്തുണച്ചു. എന്നാല്‍ നിതീഷ് കുമാറിന് ആ പദവി താല്പര്യമില്ലെന്നതിന്റെ സൂചനയായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കണ്‍വീനര്‍ പദവിയിലേക്ക് വരണമെന്ന ജെഡിയുവിന്റെ ആവശ്യം. കണ്‍വീനര്‍ പദവിയോട് ഖര്‍ഗെക്കും താല്പര്യമില്ല. കണ്‍വീനര്‍ തല്ക്കാലം വേണ്ടെന്നാണ് ഇടത് പാര്‍ട്ടികളുടെ നിലപാട്. മുന്നണി വികസനവും മുംബൈ യോഗത്തില്‍ ചര്‍ച്ചയായേക്കും.ചില പാര്‍ട്ടികള്‍ വരാന്‍ താല്‍പര്യമറിയിച്ചതായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പുതിയ ലോഗോയും മുംബൈ യോഗത്തില്‍ പുറത്തിറക്കും. ചൈനയടക്കമുള്ള വിഷയങ്ങളില്‍ സംയുക്തനിലപാടിനായി ചര്‍ച്ച നടക്കും.