ചെരുപ്പ്‌ വാട്ടർ ടാങ്കിനടിയിൽ, മൊബൈൽ ഫോൺ ക്വാറിയിൽ; തുവ്വൂർ സുജിത വധത്തിൽ തെളിവെടുപ്പ്‌

news image
Aug 26, 2023, 4:00 am GMT+0000 payyolionline.in

തുവ്വൂർ (മലപ്പുറം) > കുടുംബശ്രീ പ്രവർത്തക തുവ്വൂർ പള്ളിപ്പറമ്പിലെ സുജിതയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി മാതോത്ത്‌ വിഷ്‌ണു ഉൾപ്പെടെയുള്ള പ്രതികളുമായി പൊലീസ്‌ തെളിവെടുത്തു. വിഷ്‌ണുവിനെ കൂടാതെ സഹോദരങ്ങളായ വൈശാഖ്‌, വിവേക്‌, സുഹൃത്ത്‌ മുഹമ്മദ്‌ ഷിഹാൻ എന്നിവരെയാണ്‌ തെളിവെടുപ്പിന്‌ എത്തിച്ചത്‌. അഞ്ചാം പ്രതി വിഷ്‌ണുവിന്റെ അച്ഛൻ മുത്തുവിനെ കൊണ്ടുവന്നില്ല. കൊലപാതകം നടന്ന വീട്‌, സ്വർണംവിറ്റ ജ്വല്ലറികൾ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്‌.

 

തുവ്വൂർ പഞ്ചായത്ത്‌ ഓഫീസിനുസമീപത്തെ വിഷ്‌ണുവിന്റെ വീട്ടിൽ പ്രതികളെ തെളിവെടുപ്പിന്‌ കൊണ്ടുവന്നപ്പോൾ ജനങ്ങൾ ബഹളംവച്ചു. ചിലർ പ്രതികൾക്കുനേരെ ആക്രോശിച്ചു. വൻ പൊലീസ്‌ സന്നാഹം സ്ഥലത്തുണ്ടായിരുന്നു. സുജിതയെ കൊലപ്പെടുത്തിയത്‌ എങ്ങനെയെന്ന്‌ പ്രതികൾ പറഞ്ഞുകൊടുത്തു. കഴുത്തിൽ കയറിട്ട്‌ ശ്വാസംമുട്ടിച്ചശേഷം ജനലിൽ കെട്ടിവലിച്ചു കൊന്നു. പിന്നീട്‌ ആഭരണങ്ങൾ എടുത്തു. മൃതദേഹം കയറുകൊണ്ട്‌ കെട്ടി കട്ടിലിനടിയിലേക്ക്‌ മാറ്റി. രാത്രി ഏഴിനും ഒമ്പതിനുമിടയിലാണ്‌ വീടിന്റെ പിറകിലെ മാലിന്യക്കുഴി വലുതാക്കി മൃതദേഹം കുഴിച്ചിട്ടത്‌. മണ്ണെടുക്കാനുപയോഗിച്ച മൺവെട്ടി വിറകുകൾക്കിടയിൽനിന്ന്‌ കണ്ടെടുത്തു. കൊല്ലാനുപയോഗിച്ച കയർ പട്ടിക്കൂടിന്റെ മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കുഴിയിലിട്ട്‌ മൂടിയത്‌ എങ്ങനെയെന്നും പ്രതികൾ കാണിച്ചുകൊടുത്തു.

സുജിതയുടെ ഫോണിലുണ്ടായിരുന്ന സിം വീടിനുസമീപത്തുനിന്ന്‌ പൊലീസിന്‌ കിട്ടിയിരുന്നു.  നശിപ്പിച്ച ഫോണിന്റെ ഭാഗങ്ങൾ തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു പിറകിലെ ക്വാറിയിൽനിന്ന്‌ കണ്ടെടുത്തു. സുജിതയുടെ ചെരുപ്പ്‌ കൂട്ടുപ്രതി മുഹമ്മദ്‌ ഷിഹാന്റെ വീടിനുസമീപത്ത്‌ നിന്ന്‌ കണ്ടെടുത്തു.

കരുവാരക്കുണ്ട്‌ സ്‌റ്റേഷനിൽ എത്തിച്ച പ്രതികളെ അന്വേഷകസംഘം വീണ്ടും ചോദ്യംചെയ്‌തു. ശനി വൈകിട്ടുവരെയാണ്‌ കസ്‌റ്റഡി അനുവദിച്ചിരിക്കുന്നത്‌.  പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം സന്തോഷ്‌കുമാർ, കരുവാരക്കുണ്ട്‌ ഇൻസ്‌പെക്ടർ സി കെ നാസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe