ജിഎസ്ടി: തർക്കമുള്ളവർ കോടതിയിൽ പോകണമെന്ന് എ.കെ.ബാലൻ

news image
Aug 21, 2023, 7:24 am GMT+0000 payyolionline.in

പാലക്കാട് ∙ മുഖ്യമന്ത്രിയുടെ മകൾ വീണയും ബന്ധപ്പെട്ട കമ്പനിയും ഐജിഎസ്ടി അടച്ചെന്നു തെളിയിച്ചാൽ, ആരോപണങ്ങൾ പിൻവലിച്ചു മാപ്പു പറയാനും പൊതുപ്രവർത്തനം അവസാനിപ്പിക്കാനും മാത്യു കുഴൽനാടൻ തയാറാകുമോ എന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്റെ വെല്ലുവിളി. വിവാദ കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണു ടി.വീണയെ വേട്ടയാടുന്നതെന്ന് എ.കെ.ബാലൻ പറഞ്ഞു.

ഐജിഎസ്ടി ഓരോ മാസവും 18% അവർ കൊടുത്തിട്ടുണ്ട്. ഐജിഎസ്ടിയോ ഇൻകം ടാക്സ് റിട്ടേണോ നൽകുമ്പോൾ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ബന്ധപ്പെട്ട ഫോറം നോട്ടിസ് അയയ്ക്കും. മതിയായ നികുതി നൽകിയില്ലെന്നു കാട്ടി ഇൻകം ടാക്സ്, ജിഎസ്ടി വകുപ്പുകൾ വീണയ്ക്ക് നോട്ടിസ് നൽകിയിട്ടുണ്ടോ? ഈ വിഷയത്തിൽ തർക്കമുള്ളവർ കോടതിയിൽ പോകണം. ഇതുമായി ബന്ധപ്പെട്ട് കേസിനു പോയാലും അതു കോടതിയുടെ മുറ്റം കാണില്ല.

ന്യായമാണോ പറയുന്നത് എന്നു നോക്കിയാണു പാർട്ടി നിലപാടെടുക്കുന്നത്. പറയുന്നതു സത്യസന്ധമായാണെങ്കിൽ അവരെ സംരക്ഷിക്കാനുള്ള ചുമതല ഉത്തരവാദപ്പെട്ട പാർട്ടി എന്ന നിലയിൽ ഞങ്ങൾക്കുണ്ട്. അതു സിപിഎമ്മിന്റെ ഭാഗമായിട്ടുള്ള വ്യക്തി ആകണമെന്നു നിർബന്ധമില്ല. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും സ്ത്രീയായതുകൊണ്ടും എന്തും ചെയ്യാമെന്നു പറഞ്ഞാൽ അനുവദിക്കില്ലെന്നും ബാലൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe