കൊച്ചി> മാലിന്യ നിർമ്മാർജ്ജനത്തിനായി എല്ലാവരും കൈകോർക്കണമെന്നും സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനമുണ്ടെങ്കിൽ മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്ക് എത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ്ണ മാലിന്യ സംസ്കരണത്തിന് സർക്കാർ തലത്തിലുള്ള ഇടപെടൽ മാത്രം പോര. സമൂഹത്തിന്റെ കൂട്ടായ ശ്രമം ആവശ്യമാണ്. എല്ലാ മേഖലയിൽ ഉള്ളവരും ഒരേ മനസോടെ കൈകോർത്ത് മാലിന്യ നിർമ്മാർജ്ജനം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
“അതിവേഗത്തിലാണ് നമ്മുടെ നാട് നഗരവൽക്കരിക്കപ്പെടുന്നത്. 2035 ആകുമ്പോഴേക്കും കേരളത്തിന്റെ ജനസംഖ്യയുടെ ഏതാണ്ട് 90 ശതമാനം പേരും നഗരത്തിൽ ജീവിക്കുന്നവരാകുമെന്നാണ് റിപ്പോർട്ട്. സ്വാഭാവികമായും നഗരവൽക്കരണം ചില സാധ്യതകൾ തുറന്നു തരുകയും ചില വെല്ലുവിളികൾ ഉയർത്തുകയും ചെയ്യും. സാധ്യതകളെ ഉപയോഗിക്കുകയും വെല്ലുവിളികളെ നേരിടുകയും ചെയ്യണം. മാലിന്യ സംസ്‌കരണത്തിന് ന്യൂതന മാർഗങ്ങൾ അവലംബിക്കുന്നത് ഇത്തരം വെല്ലുവിളികളെ ഏറ്റെടുക്കാനാണ്.
മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ മാതൃക തീർക്കാനാണ് 2016 മുതൽ നവകേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ ബഹുമുഖ പദ്ധതികൾ നടപ്പാക്കി വരുന്നത്. നല്ല നിലയ്‌ക്ക് പുരോഗതി ഉണ്ടായെങ്കിലും ഇതിൽ പുർണ്ണമായി വിജയിക്കാനായിട്ടില്ല. സാമൂഹിക വികസന സൂചികയിൽ മുന്നിട്ട് നിൽക്കുകയും രാജ്യത്തിന് മാതൃകയാവുകയും ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടേത്. മാലിന്യ സംസ്കരണ രംഗത്തും രാജ്യത്തിനും ലോകത്തിനും മാതൃകയായി ഉയരാൻ കഴിയണം. അതിന് സാഹയകരമാകുവിധമാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമിട്ടത്.
മാലിന്യനിർമ്മാർജ്ജനത്തിലൂടെ നാം ഇപ്പോൾ അനുഭവിക്കുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരമാകും. ശുചിത്വമുള്ള നഗരങ്ങൾ ടൂറിസം രംഗത്തിന് ഗുണകരമാകും. തെരുവ് നായ, വന്യജീവി പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ സഹായകരമാകും. സാംക്രമിക രോഗങ്ങൾ കുറയ്‌ക്കാൻ കഴിയും. ഈ ബോധ്യം നമ്മുക്കെല്ലാവർക്കും വേണം. എല്ലാവരുടെയും സഹകരണവും പിന്തുണയുമാണ് വേണ്ടത്”- മുഖ്യമന്ത്രി പറഞ്ഞു