കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ കേസുമായി മുന്നോട്ടുപോകാന്‍ പൊലീസ് തീരുമാനം. ചികിത്സയിൽ പിഴവ് സംഭവിച്ചു എന്നത് മെഡിക്കൽ ബോർഡ് അംഗീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയനടത്തിയ രണ്ടു ഡോക്ടർമാർക്കും രണ്ടു നഴ്സുമാർക്കും എതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽനിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകും.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽനിന്നാണെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലതല മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു. ഇതിനെതിരെ സംസ്ഥാന അപ്പീല്‍ അതോറിറ്റിക്ക് അപ്പീല്‍ നൽകാനായിരുന്നു പൊലീസ് തീരുമാനം. കോഴിക്കോട് കമീഷണർ അപ്പീല്‍ നൽകാനുള്ള ഫയൽ നീക്കിയെങ്കിലും അപ്പീല്‍ പോകേണ്ടെന്നും പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കോഴിക്കോട് പൊലീസിന് നിർദേശം നൽകി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് കത്രിക കുടുങ്ങിയതെന്നുപറയാന് സാധിക്കില്ലെന്നുപറഞ്ഞ് പൊലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയെങ്കിലും ചികിത്സ പിഴവുണ്ടെന്നുള്ള കാര്യം അംഗീകരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസവശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ കേസെടുത്ത് മുന്നോട്ടുപോകാനാണ് പൊലീസ് നീക്കം. മെഡിക്കല്‍ കോളജില്‍നിന്നാണ് കത്രിക കുടുങ്ങിയതെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചു. വയറ്റില്‍നിന്ന് കണ്ടെത്തിയ കത്രിക കാന്തികാകര്ഷണമുള്ളതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. ഇങ്ങനെ കാന്തികാകര്‍ഷണ വസ്തു ഉണ്ടെങ്കിൽ എം.ആർ.ഐ സ്കാനിങ്ങിൽ അത് വ്യക്തമാവുമായിരുന്നു. ഇതു തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മെഡിക്കൽ കോളജിൽ മൂന്നാമത്തെ പ്രവസ ശസ്ത്രക്രിയ നടത്തുന്നതിന്റെ 10 മാസം മുമ്പായിരുന്നു ഹർഷിന കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് എം.ആർ.ഐ സ്കാൻ എടുത്തത്. സംഭവത്തിൽ നീതിതേടി ഹർഷിനയും സമരസമിതിയും 16ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം നടത്തിയിരുന്നു.അതിനിടെ, ജില്ലതല മെഡിക്കൽ ബോർഡിൽ അട്ടിമറി നടന്നുവെന്ന ഹർഷിനയുടെ പരാതി അന്വേഷിക്കാൻ കമീഷണർ മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശനനെ ചുമതലപ്പെടുത്തി.