കശുവണ്ടി തൊഴിലാളികൾക്ക് 10000 രൂപ ഓണം അഡ്വാൻസ്: കയർ തൊഴിലാളികൾക്ക് 29.9 ശതമാനം ബോണസ്

news image
Aug 17, 2023, 3:32 pm GMT+0000 payyolionline.in

തിരുവനന്തപുരം : കയർ, കശുവണ്ടി തൊഴിലാളികളുടെ ഈ വർഷത്തെ ബോണസ് തീരുമാനിച്ചു. കശുവണ്ടി തൊഴിലാളികൾക്ക് 20 ശതമാനം വാർഷിക ബോണസ് പ്രഖ്യാപിച്ചു. പതിനായിരം രൂപ ഓണം അഡ്വാൻസായി നൽകാനും തീരുമാനമായി. കയർ ഫാക്ടറി തൊഴിലാളികൾക്ക് ഇത്തവണ 29.9 ശതമാനം ഓണം അഡ്വാൻസ് ബോണസായി ലഭിക്കും. ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള വരുമാനത്തിന്റെ 20 ശതമാനം ബോണസും 9.9 ശതമാനം ഇൻസെന്റീവുമായിരിക്കും.

വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന കശുവണ്ടി, കയർ വ്യവസായ ബന്ധസമിതി യോഗങ്ങളിലാണ് തീരുമാനം. യോ​ഗത്തിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.

മാസശമ്പളക്കാരായ കശുവണ്ടി തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി ലഭിക്കും. ജൂലായ് മാസത്തെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ബോണസ് നിശ്ചയിക്കുക. കശുവണ്ടിതൊഴിലാളികളുടെയും ജീവനക്കാരുടെയും ഓണം അഡ്വാൻസും ബോണസും ഈ മാസം 24ന് മുമ്പും കയർതൊഴിലാളികളുടേത് ഈ മാസം 23ന് മുമ്പും വിതരണം ചെയ്യാൻ തീരുമാനിച്ചു. യോഗങ്ങളിൽ ലേബർ കമ്മീഷണർ ഡോ. കെ.വാസുകി, അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാൽ, കയർ, കശുവണ്ടി വ്യവസായ ബന്ധസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe