കൈതോലപ്പായയിൽ പണം കടത്തിയവരുടെ പേര് വെളിപ്പെടുത്തി ജി. ശക്തിധരൻ

news image
Aug 17, 2023, 6:46 am GMT+0000 payyolionline.in

കൊച്ചി: സി.പി.എമ്മിന്റെ ഉന്നത നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫിസില്‍വെച്ച് 2.35​ കോടി രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞ്‌ കൊണ്ടുപോയെന്ന തന്റെ ആരോപണത്തിൽ വ്യക്തത വരുത്തി ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ. സംഭവത്തിൽ പരാമർശിച്ച വ്യക്തികൾ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായമന്ത്രി പി. രാജീവും ആണെന്ന് വ്യകതമായ സൂചന നൽകുന്ന ഫേസ്ബുക് കുറിപ്പുമായാണ് ശക്തിധരൻ വീണ്ടും രംഗത്തെത്തിയത്.

രണ്ട് ദിവസം ദേശാഭിമാനി ഓഫിസിൽ താമസിച്ച്‌ പണം സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടിസെക്രട്ടറി പിണറായി വിജയനാണെന്നും അത് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി. രാജീവ് ആണെന്നും താൻ തുറന്ന് എഴുതിയാലും ഇവിടെ ഒന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് ശക്തിധരൻ പറഞ്ഞു. ‘എന്തെന്നാൽ, അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോളും കേരളം ഇങ്ങിനെത്തന്നെയായിരുന്നു. യഥാർത്ഥ മാഫിയ രാജാവാണ് പിണറായി വിജയനെന്നും തന്റെ കമ്പ്യൂട്ടറിൽ അതിന്റെ തെളിവുകൾ ഉണ്ടെന്നും ഒരു ന്യായാധിപൻ പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. അതാണ് പിണറായിവിജയൻ’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

പണം കൊണ്ടുപോയത് സംബന്ധിച്ച വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം.പി ഡി.ജി.പി.ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ശക്തിധരന്‍ പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങവേയാണ് പുതിയ വെളിപ്പെടുത്തൽ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe