കൊച്ചി: ഉപഭോക്താവ് അറിയാതെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് മൂന്നുതവണയായി പണം പിൻവലിക്കപ്പെടുകയും 1,60,000 രൂപ നഷ്ടപ്പെടുകയും ചെയ്തതിൽ എസ്.ബി.ഐ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. കമീഷൻ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
2018 ഡിസംബർ 26, 27 തീയതികളിലായാണ് ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ബ്രാഞ്ചിൽ അക്കൗണ്ട് ഉള്ള മൂവാറ്റുപുഴ സ്വദേശി പി.എം. സലീമിനാണ് ദുരനുഭവം ഉണ്ടായത്. സ്വന്തം ആവശ്യത്തിന് പണം പിൻവലിക്കാൻ മുളന്തുരുത്തിയിലെ എ.ടി.എമ്മിൽ കയറിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്.
ഉടൻ ബാങ്കിനെ സമീപിച്ചെങ്കിലും ആവശ്യമായ സഹായം ലഭിച്ചില്ല. തുടർന്ന് ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കുകയായിരുന്നു. 80,000 രൂപ നൽകാൻ വിധി ലഭിച്ചു. ബാക്കി 70,000 രൂപക്കാണ് ഉപഭോക്താവ് ഉപഭോക്തൃ തർക്കപരിഹാര കമീഷനെ സമീപിച്ചത്. ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണെന്ന് കമീഷൻ ഉത്തരവിൽ പറയുന്നു. ഉപഭോക്താവിന് നഷ്ടപ്പെട്ട 70,000 രൂപയും കൂടാതെ 15,000 രൂപ നഷ്ടപരിഹാരവും 30 ദിവസത്തിനുള്ളിൽ നൽകാൻ ഉത്തരവിട്ടു.