കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസിനു തുടർച്ചയായ നാലാം ദിവസവും കല്ലേറ്; ചില്ല് തകർന്നു

news image
Aug 16, 2023, 3:18 pm GMT+0000 payyolionline.in

കണ്ണൂർ:  തുടർച്ചയായ നാലാം ദിവസവും ട്രെയിനിനു കല്ലേറ്. ഉച്ചയ്ക്ക് 2.30നു കാസർകോട് നിന്നു പുറപ്പെട്ട തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസിനു നേരെയാണ് ഇന്നലെ കല്ലേറുണ്ടായത്. 3.43നു ട്രെയിൻ തലശ്ശേരി പിന്നിട്ട ശേഷമായിരുന്നു സംഭവം. സി 8 കോച്ചിന്റെ ചില്ല് തകർന്ന് ഗ്ലാസ് ചീളുകൾ അകത്തേക്കു തെറിച്ചു. യാത്രക്കാർക്കു പരുക്കില്ല. രണ്ടു പാളികളുള്ള ഗ്ലാസാണ് ഏസി കോച്ചിന്റേത്. ഭാരമേറിയ കല്ലുകൊണ്ടുള്ള ഏറിൽ രണ്ടു പാളികളും തകർന്നാണ് ഗ്ലാസ് ചീളുകൾ കോച്ചിനുള്ളിലേക്കു വീണത്. ആർപിഎഫ് സംഘം കോച്ചിൽ പരിശോധന നടത്തി. തകർന്ന ഭാഗം പ്ലാസ്റ്റിക് ടേപ് ഉപയോഗിച്ച് താൽക്കാലികമായി അടച്ചാണ് ട്രെയിൻ യാത്ര തുടർന്നത്. ട്രെയിൻ കോഴിക്കോട്ട് എത്തിയപ്പോൾ റെയിൽവേ പൊലീസ് ഉൾപ്പെടെയുള്ളവരും കോച്ചിൽ പരിശോധന നടത്തി.

15നു രാത്രി കണ്ണൂർ – യശ്വന്ത്പുര (16528) എക്‌സ്പ്രസിനു നേരെ കോഴിക്കോടിനും കല്ലായിക്കും ഇടയിൽ കല്ലേറുണ്ടായതായി യാത്രക്കാരി പരാതിപ്പെട്ടിരുന്നു. എസ്4 കോച്ചിനു നേരെ കല്ലേറുണ്ടായി എന്നായിരുന്നു പരാതി. നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന തുരന്തോ എക്സ്പ്രസിന് (12284) കണ്ണപുരത്തിനും പാപ്പിനിശ്ശേരിക്കും ഇടയിൽ 14നു രാവിലെ കല്ലേറുണ്ടായിരുന്നു. എൻജിനിൽ കല്ല് പതിച്ച ശബ്ദം കേട്ട് ലോക്കോ പൈലറ്റ് വിവരം റെയിൽവേ സുരക്ഷാ സേനയെ (ആർപിഎഫ്) അറിയിച്ചത്.

13നു വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ കണ്ണൂരും കാസർകോട്ടുമായി മൂന്നു ട്രെയിനുകൾക്കു നേരെയും കല്ലേറുണ്ടായി. കണ്ണൂരിനും കണ്ണൂർ സൗത്തിനും ഇടയിൽ മംഗളൂരു – ചെന്നൈ സൂപ്പർ ഫാസ്റ്റ് (12686) ട്രെയിനിനും കണ്ണൂരിനും വളപട്ടണത്തിനും ഇടയിൽ നേത്രാവതി എക്സ്പ്രസ് (16346) ട്രെയിനിനും കല്ലേറുകൊണ്ട് എസി കോച്ചുകളുടെ ഗ്ലാസുകൾ പൊട്ടിയിരുന്നു. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിൽ ഓഖ എക്സ്പ്രസിൽ (16337) ജനറൽ കോച്ചിനു നേരെയും കല്ലേറുണ്ടായി. കോച്ചിനുള്ളിലേക്ക് കല്ലു പതിച്ചെങ്കിലും ഭാഗ്യത്തിന് യാത്രക്കാർക്ക് പരുക്കേറ്റില്ല.

ആർപിഎഫും റെയിൽവേ പൊലീസും അന്വേഷണം ഊർജിതമാക്കുകയും സംഭവങ്ങൾ നടന്ന സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ വഴി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുമുണ്ട്. ഇതുവരെ ആരും പിടിയിലായിട്ടില്ല. ഒരേ സമയം വിവിധ സ്ഥലങ്ങളിൽ കല്ലേറ് നടന്നതും തുടർച്ചയായ ദിവസങ്ങളിൽ

ട്രെയിനുകൾക്ക് കല്ലെറിയുന്നതും അതീവഗൗരവമായാണ് കാണുന്നതെന്ന് ആർപിഎഫ് അറിയിച്ചു. കണ്ണൂർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിനു ജൂൺ ഒന്നിനു പുലർച്ചെ ഒന്നരയോടെ തീയിട്ട സംഭവത്തിലും ഏപ്രിൽ രണ്ട് രാത്രി 9.27ന് ആലപ്പുഴ–കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിന് എലത്തൂർ റെയിൽവേ സ്റ്റേഷനു സമീപം തീയിട്ട സംഭവത്തിലും പ്രതികൾ പിടിയിലായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe