വഴിത്തർക്കം : തിരുവനന്തപുരത്ത് വയോധികയേയും മകളെയും ക്രൂരമായി മർദിച്ചു

news image
Aug 16, 2023, 9:46 am GMT+0000 payyolionline.in

തിരുവനന്തപുരം∙ വഴിത്തർക്കത്തിന്റെ പേരിൽ വയോധികയെയും മകളെയും ആക്രമിച്ചതായി പരാതി. സുന്ദരി (75), മകൾ ഗീത എന്നിവർക്കാണ് പരുക്കേറ്റത്. വെള്ളറട പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.14ന് ഉച്ചയോടെ വഴിത്തർക്കത്തിന്റെ പേരിലാണ് സംഘർഷം നടന്നത്. വഴിത്തർക്കം നേരത്തെ കോടതിയിലെത്തുകയും വഴിവെട്ടുന്നത് കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയും ചെയ്തിരുന്നു. മതിൽ പൊളിച്ച് വഴി വെട്ടാനുള്ള ശ്രമം തടഞ്ഞ തന്നെയും അമ്മയെയും ക്രൂരമായി മർദിച്ചതായി ഗീത വെള്ളറട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസെത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണം നടക്കുകയാണെന്ന് വെള്ളറട പൊലീസ് പറഞ്ഞു.

കുറച്ചു നാളുകളായി ഗീതയുടെ വീട്ടുകാരും നാട്ടുകാരും തമ്മിൽ വഴിത്തർക്കം നിലവിലുണ്ടായിരുന്നതായാണ് വിവരം. വഴിയ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നിലനിന്നത്. അതുമായി ബന്ധപ്പെട്ട് മതിൽ ഇടിച്ചു തകർക്കുന്നതിനായി ഒരുകൂട്ടം ആളുകളെത്തിയെന്നും അതിന്റെ ദൃശ്യങ്ങൾ പകർത്തിയപ്പോൾ തന്നെ മർദിച്ചെന്നുമാണ് ഗീത പറയുന്നത്. ഗീതയുടെ കയ്യിൽനിന്ന് മൊബൈൽ തട്ടിത്തെറിപ്പിക്കുന്നതിന്റെയും ക്രൂരമായി മർദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവരെ തടയാനെത്തിയ സുന്ദരിയേയും മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe