കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. ഇവരിൽ നിന്നും 22 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇവയ്ക്ക് ഒരു ലക്ഷം രൂപ വിലവരുമെന്നാണ് പൊലീസ് അറിയച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ നിന്ന് മെഡിക്കൽ കോളേജ് പൊലീസാണ് ഇവരെ പിടികൂടിയത്. അതേസമയം, കോഴിക്കോട് തന്നെ ചേവായൂരിൽ ബംഗളൂരുവിൽ നിന്ന് വൻതോതിൽ എംഡിഎംഎ കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തിയ സംഘത്തെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യതിരുന്നു. അങ്ങാടിപ്പുറം സ്വദേശി സദാം എന്ന് വിളിക്കുന്ന ആണിയൻ പറമ്പിൽ മുഹമദ് ഹുസൈൻ (30) മായനാട് സ്വദേശി തടോളി ഹൗസിൽ രഞ്ജിത്ത്. ടി (31) എന്നിവരെയാണ് കോഴിക്കോട് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്
ജൂലൈ 15 ന് ചേവായൂർ പൊലീസും ഡാൻസാഫ് പാർട്ടിയും ചേർന്ന് കോട്ടപ്പുറം സ്വദേശി കാര്യ പറമ്പത്ത് വീട്ടിൽ ഷിഹാബുദ്ധീനെ (46) 300 ഗ്രാം രാസ ലഹരിയുമായി പിടികൂടിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണം നടത്തിയപ്പോൾ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് എത്തിച്ചത് രഞ്ജിത്ത് ആയിരുന്നുവെന്ന് കണ്ടെത്തി. രഞ്ജിത്തിനെ മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എടുത്ത് കൊടുത്തത് മുഹമ്മദ് ഹുസൈനാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇയാളെ ബംഗളൂരുവിൽ വച്ച് പൊലീസ് പിടികൂടുകായയിരുന്നു.