തിരുവല്ല ചതുപ്പിലെ മൃതദേഹം: പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം സംശയിക്കാൻ തെളിവില്ല, ഇനി നിർണായകം രാസപരിശോധന

news image
Aug 13, 2023, 11:00 am GMT+0000 payyolionline.in

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിൽ ചതുപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. കൊലപാതകം എന്ന നിഗമനത്തിലേക്ക് എത്താനുള്ള തെളിവുകൾ പോസ്റ്റ് മോർട്ടത്തിൽ കിട്ടിയില്ലെന്നാണ് വിവരം. ശരീരത്തിൽ സംശയകരമായ പരിക്കുകൾ ഒന്നുമില്ലെന്നാണ് കണ്ടെത്തൽ. മൂന്നു മുതൽ അഞ്ച് ദിവസം വരെ മൃതദേഹത്തിന് പഴക്കമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ കൈകാലുകൾ നഷ്ടപ്പെട്ടത് നായയുടെ കടിയേറ്റ് എന്നും പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടന്നത്.

എന്നാൽ ദുരൂഹത നീക്കാൻ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മരിച്ച ശേഷം പെൺകുഞ്ഞിനെ ചതുപ്പിൽ ഉപേക്ഷിച്ചതെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനായി പ്രദേശത്തെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

തിരുവല്ല പുളിക്കീഴിൽ നാടിനെയാകെ നടുക്കിക്കൊണ്ടാണ് ഇന്നലെയാണ് ചതുപ്പിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ പ്രദേശത്താകെ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആറുമാസം പ്രായം വരുന്ന പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്ന സംശയമാണ് സംഭവത്തിന് പിന്നാലെ ഉയർന്നത്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം എന്ന നിഗമനത്തിലേക്ക് എത്താനുള്ള തെളിവുകൾ ലഭിക്കാത്തതോടെ, ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം നിർണായകമാകും. തിരുവല്ല ഡി വൈ എസ് പിയുടെ കീഴിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം സമീപ പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ കുട്ടികളുടെ തിരോധാന കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നാടോടി കുടുംബങ്ങളും മറ്റും ഈ പ്രദേശത്ത് തമ്പടിക്കാറുണ്ട്. അവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe