കൊല്ലം: ഗാർഹിക സ്ത്രീധന പീഡന പരാതികൾക്കിടെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം കല്ലുവാതുക്കൽ സ്വദേശി റാണി ഗൗരിയുടെ മൃതദേഹം നിയമ പോരാട്ടങ്ങൾക്കൊടുവിൽ 16 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഷാർജയിലുണ്ടായിരുന്ന ഭർത്താവ് വൈശാഖ് വിജയന്റെ എതിർപ്പാണ് നടപടികൾ വൈകിപ്പിച്ചതെന്നാണ് റാണിയുടെ ബന്ധുക്കളുടെ പരാതി. കേരള ഹൈക്കോടതി ഉത്തരവ് നേടിയാണ് ബന്ധുക്കൾ മൃതദേഹം നാട്ടിലെത്തിച്ചത്. വൈശാഖിനും അമ്മയ്ക്കും എതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു.
ചാർട്ടേഡ് അക്കൗണ്ടന്റായ 29 വയസുള്ള റാണി ഗൗരിയെ ഭർത്താവിനൊപ്പം താമസിച്ച ഷാർജ മൂവൈലയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ മാസം 26നാണ് . മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മാതാപിതാക്കളുടെ പവർ ഓഫ് അറ്റോണിയുമായി റാണിയുടെ വല്യച്ഛൻ ഷാർജയിലെത്തിയത് ഈ മാസം ഒന്നിനാണ്. എംബസിയിലും ഷാർജ കോടതിയിലും ഭർത്താവ് വൈശാഖ് എതിർപ്പ് അറിയിച്ചതോടെ നടപടി വൈകിയെന്നാണ് പരാതി.
ഹൈക്കോടതി ഇടപെട്ടതോടെ ഒടുവിൽ വൈശാഖ് ഇ മെയിൽ വഴി കോൺസുലേറ്റിനെ സമ്മതം അറിയിച്ചതിന് പിന്നാലെ 16 ദിവസങ്ങൾക്ക് ശേഷം വെള്ളിയാഴ്ച മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമായിരുന്നു സംസ്കാരം. എഞ്ചിനിറായ ഭര്‍ത്താവ് വൈശാഖും അതേ വിമാനത്തിൽ നാട്ടിലെത്തി. വൈശാഖിനും അമ്മയ്ക്കും എതിരെ പാരിപ്പള്ളി പൊലീസ് ഭർതൃ – പീഢനത്തിനും സ്ത്രീധന പീഡനത്തിനും കേസെടുത്തിട്ടുണ്ട്. ആറ്റിങ്ങൽ കോടതിയുടെ ഉത്തരവ് പ്രകാരം നാലുവയസുള്ള മകൾ വൈശാഖിന്റെ സംരക്ഷണയിലാണ്. സഞ്ചയനം വരെ കുട്ടിയുടെ താത്കാലിക സംരക്ഷണച്ചുമതല കോടതി റാണിയുടെ വീട്ടുകാര്‍ക്ക് നൽകിയിട്ടുണ്ട്. 135 പവൻ സ്വര്‍ണാഭരണങ്ങൾ നൽകി വിവാഹം കഴിപ്പിച്ചിട്ടും കൂടുതൽ പണം ചോദിച്ച് ബുദ്ധിമുട്ടിച്ചതിന്റെ മാനസിക സമ്മര്‍ദ്ദം താങ്ങാതെയാണ് റാണി മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.