ന്യൂഡൽഹി: പുതിയ ലോഗോയും ജീവനക്കാരുടെ യൂണിഫോമും (ലിവറി) അവതരിപ്പിച്ച് എയർ ഇന്ത്യ. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തശേഷം അടിമുടി മാറ്റത്തിന്റെ പാതയിലാണ് എയർ ഇന്ത്യ. വ്യാഴാഴ്‌ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പുതിയ ലോഗോയും ലിവറിയും കമ്പനി അവതരിപ്പിച്ചത്. എയർ ബസുമായും ബോയിങ്ങുമായും മൾട്ടി-ബില്യൺ ഡോളറിന്റെ വിമാന കരാറുകളിൽ ഒപ്പുവച്ച് മാസങ്ങൾക്കുശേഷമാണ് പുതിയ മാറ്റം.
പരിമിതികളില്ലാത്ത സാധ്യതകളെ സൂചിപ്പിക്കുന്നതാണ് പുതിയ ലോഗോ എന്ന് ലോഗോ പുറത്തിറക്കിക്കൊണ്ട് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ചുവപ്പ്, പർപ്പിൾ, സ്വർണനിറങ്ങളോടുകൂടിയതാണ് പുതിയ ലിവറി. എയർ ഇന്ത്യ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഐക്കണിക് ഇന്ത്യൻ വിൻഡോ ആകൃതിയെ പുതിയ ഡിസൈനിൽ ഒരു സ്വർണ വിൻഡോ ചിഹ്നത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനങ്ങളിലെ നിറങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബർ മുതലാവും പുതിയ ലുക്കിൽ വിമാനങ്ങൾ സർവീസ് തുടങ്ങുക. എയർ ഇന്ത്യയുടെ എ350 വിമാനങ്ങളിലാണ് പുതിയ ലോഗോ ആദ്യം അവതരിപ്പിക്കുക.