മാവേലിക്കര: പെൻഷൻ പണം നൽകാത്തതിന് വയോധികയായ മാതാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. തെക്കേക്കര തടത്തിലാൽ കുഴിക്കാല വടക്കതിൽ പ്രദീപി(39)നെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയ്ക്ക് ലഭിച്ച വിധവ പെൻഷൻ ചോദിച്ചിട്ട് നൽകാത്തതിലുള്ള വിരോധത്തിലാണ് മകൻ പ്രദീപ് അമ്മയെ മരക്കമ്പുകൊണ്ട് അടിച്ചും പാറക്കല്ല് കൊണ്ട് എറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ചത്.
നേരത്തെയും ഇയാൾ അമ്മയെ ആക്രമിച്ചിട്ടുണ്ട്. ഇതിന് കുറത്തികാട് സ്റ്റേഷനിൽ കേസുമുണ്ട്. കഴിഞ്ഞ വർഷം ഇയാൾ അമ്മയെ മരവടികൊണ്ട് അടിച്ചതിന് 10 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാൾ അമ്മയെ വീണ്ടും ആക്രമിച്ചത്. കുറത്തികാട് എസ് എച്ച് ഒ മോഹിത് പി കെ, എസ് ഐ യോഗീദാസ്, സി പി ഒമാരായ നൗഷാദ് ടി എസ്, അരുൺകുമാർ, രാജേഷ് എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം, ഇടുക്കിയിൽ മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെയാണ് ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്. കിടപ്പു രോഗിയായിരുന്നു തങ്കമ്മ. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു ഗ്ലാസ്സിന് മുഖത്തിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് കട്ടിലിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മദ്യലഹരിയിലായിരുന്നു ക്രൂരമായ സംഭവം നടന്നത്. ജൂലൈ 30 നാണ് തങ്കമ്മ ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം സജീവ് തന്നെ അമ്മയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഈ മാസം ഏഴിന് തങ്കമ്മ മരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി സജീവ് കുറ്റം സമ്മകിക്കുകയായിരുന്നു.