തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്‌വൺ പ്രവേശന നടപടികൾ 21 ന് അവസാനിപ്പിക്കും. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനത്തിനുശേഷം ജില്ലാ/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്‌ഫറും കഴിഞ്ഞിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് ഒഴിവുള്ള സീറ്റുകളിൽ മെറിറ്റ് അധിഷ്ഠിത സ്‌പോട്ട് അഡ്മിഷനും അനുവദിച്ച് നടപടികൾ അവസാനിപ്പിക്കുമെന്ന് എം വിജിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ജില്ലയ്‌ക്കകത്തെ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറും പൂർത്തിയായി.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ കഴിഞ്ഞവർഷം താൽക്കാലികമായി അനുവദിച്ചതും നിലനിർത്തിയതും മാറ്റിനൽകിയതുമായ 81 ബാച്ചും മാർജിനൽ സീറ്റ് വർധനവും ഈവർഷവും തുടർന്നു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളിലും 30 ശതമാനവും എയ്‌ഡഡ് സ്‌കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർധിപ്പിച്ചു. ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് 10 ശതമാനംകൂടി വർധന ഉറപ്പാക്കി. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധിപ്പിച്ചു. മലബാർ മേഖലയിൽ കൂടുതൽ സീറ്റ് അപര്യാപ്തതയുള്ള 14 സർക്കാർ സ്കൂളുകളിലേക്ക് 14 ബാച്ചുകൾ മാറ്റിനൽകി. മലബാർ മേഖലയിൽ താൽക്കാലികമായി 97 ഹയർ സെക്കൻഡറി ബാച്ചുകൾകൂടി അനുവദിച്ചു. ഇതിൽ 52ഉം നേരത്തേ മാറ്റിയ 14ഉം ഉൾപ്പെടെ 66 ബാച്ച് മലപ്പുറം ജില്ലയ്‌ക്കാണ് അനുവദിച്ചത്.
പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ 4,60,147 അപേക്ഷ ലഭിച്ചു. മറ്റ് ജില്ലകളിൽനിന്നുള്ള 42,602 അപേക്ഷ ഒഴിവാക്കിയപ്പോൾ 4,17,545 അപേക്ഷകർക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടിയിരുന്നത്. ഇതിൽ 3,84,538 പേർ ഹയർ സെക്കൻഡറിയിൽമാത്രം പ്രവേശനം നേടി. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,619 പേരും പ്രവേശിച്ചു. രണ്ടിലുമായി 4,11,157 വിദ്യാർഥികൾക്ക് നിലവിൽ പ്രവേശനം ലഭിച്ചു.