‘അടിച്ചേൽപ്പിച്ചാൽ ചെറുക്കും’, അമിത് ഷായ്ക്ക് എംകെ സ്റ്റാലിൻ്റെ മുന്നറിയിപ്പ്; എതിർപ്പ് ഹിന്ദി വാദത്തിൽ

news image
Aug 5, 2023, 2:10 pm GMT+0000 payyolionline.in

ചെന്നൈ: കേന്ദ്രത്തിന്‍റെ ഹിന്ദി വാദത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. എല്ലാവർക്കും ഹിന്ദി അംഗീകരിക്കേണ്ടി വരുമെന്ന് പ്രസ്താവന നടത്തിയ അമിത് ഷായ്ക്ക് 1965 ലെ പ്രക്ഷോഭം ഓ‍ർമ്മപ്പെടുത്തിയുള്ള മുന്നറിയിപ്പും സ്റ്റാലിൻ നൽകി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെയൊരു നീക്കം കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായാൽ അത് വിവേക ശൂന്യമായ നീക്കമാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 1965 ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ കനൽ ആളിക്കത്തിക്കരുതെന്നും അമിത് ഷായ്ക്ക് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. തമിഴ് ഭാഷയെ അടിമയാക്കാൻ അനുവദിക്കില്ലെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമുണ്ടായാൽ തമിഴ്നാട് അത് ചെറുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പാർലമെന്‍റിന്‍റെ ഔദ്യോഗിക ഭാഷകൾക്കായുള്ള കമ്മിറ്റിയെ അഭിസംബോധന ചെയ്യത് സംസാരിക്കുമ്പാളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹിന്ദി ഭാഷ എതിർപ്പില്ലാതെ എല്ലാവരും സ്വീകരിക്കണമെന്ന പ്രസ്താവന നടത്തിയത്. ഹിന്ദി ഒരു പ്രദേശിക ഭാഷയുമായും പോരിനില്ലെന്നും എല്ലാ ഭാഷകളും ശക്തിപ്പെടുമ്പാൾ രാജ്യവും ശക്തിപ്പെടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഹിന്ദി ഭാഷ എതിർപ്പില്ലാതെ സ്വീകരിക്കപ്പെടണം എന്ന പരാമർശമാണ് സ്റ്റാലിനെ ചൊടിപ്പിച്ചത്. കർണാടകയും പശ്ചിമ ബംഗാളും പോലെയുള്ള സംസ്ഥാനങ്ങളും കേന്ദ്രത്തിന്‍റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെ ശക്തമായി പ്രതിരോധിക്കുന്നുണ്ടെന്ന് സ്റ്റാലിൻ ചൂണ്ടികാട്ടി. വളർന്നു വരുന്ന ഇത്തരം പ്രതിരോധങ്ങളെ അമിത് ഷാ കാണണമെന്നും 1965 ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ കനൽ ആളിക്കത്തികരുതെന്നും ഷായോട് സ്റ്റാലിൻ ആവശ്യപ്പെട്ടു.

ഇതാദ്യമായിട്ടല്ല കേന്ദ്രത്തിന്‍റെ ഹിന്ദി വത്കരണത്തിനെതിരെ എം കെ സ്റ്റാലിൻ രംഗത്തെത്തുന്നത്. ഹിന്ദിയെ എതിര്‍ക്കുന്നില്ലെന്നും എതിര്‍ക്കുന്നത് ഭാഷയെ അടിച്ചേല്‍പ്പിക്കാനുള്ള  ശ്രമത്തെയാണെന്നും ഒരു ഭാഷ പഠിക്കുക എന്നത് ഒരാളുടെ സ്വന്തം താല്പര്യത്തില്‍ നിന്ന് ഉയര്‍ന്നുവരേണ്ട കാര്യമാണെന്നും നേരത്തെ സ്റ്റാലിൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു ഭാഷ പഠിക്കുക എന്നത് അടിച്ചേല്‍പ്പിക്കപ്പെടേണ്ടതല്ലെന്നും സ്റ്റാലിന്‍ പറഞ്ഞിട്ടുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ, അതിനെ ആധിപത്യത്തിന്‍റെ പ്രതീകമായാണ് കണക്കാക്കുന്നത് എന്ന നിലപാടാണ് സ്റ്റാലിൻ പൊതുവെ മുന്നോട്ട് വയ്ക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe