തിരുവനന്തപുരം : അക്ഷയകേന്ദ്രങ്ങളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന സംഘടിപ്പിച്ചു. സംസ്ഥാനത്തെ 130 അക്ഷയ കേന്ദ്രങ്ങളിലായിരുന്നു ഓപ്പറേഷൻ ഇ സേവ എന്ന മിന്നൽ പരിശോധന.പൊതുജനങ്ങൾക്ക് വിവിധ സർക്കാർ ഓഫീസുകളിലെ സേവനങ്ങൾക്കുള്ള അപേക്ഷകൾ ഓൺലൈൻവഴി സമർപ്പിക്കാനും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുമാണ് സംസ്ഥാന വിവരസാങ്കേതിക വകുപ്പിനു കീഴിൽ അക്ഷയ കേന്ദ്രങ്ങളാരംഭിച്ചത്. ചില നടത്തിപ്പുകാർ സേവനങ്ങൾക്ക് അമിത ഫീസ് ഈടാക്കുന്നതായും ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസർമാർ കൈക്കൂലി വാങ്ങി ഇതിന് കൂട്ടുനിൽക്കുന്നതായും വിവരം ലഭിച്ചിരുന്നു.
അനുവദനീയമായതിനേക്കാൾ പതിന്മടങ്ങ് ഫീസാണ് ചില നടത്തിപ്പുകാർ ഈടാക്കുന്നത്. കംപ്യൂട്ടർ നിർമിത രസീതും നൽകുന്നില്ല. ഓരോ ദിവസത്തെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ക്യാഷ് ബുക്ക് സൂക്ഷിക്കുന്നതിലും വീഴ്ചയുണ്ട്. അക്ഷയ സെന്ററിൽ പൊതുജനങ്ങൾക്ക് പരാതി എഴുതാൻ രജിസ്റ്റർ വയ്ക്കണമെന്നും ഈ രജിസ്റ്റർ ജില്ലാ അക്ഷയ പ്രോജക്ട് കോ–-ഓർഡിനേറ്റർ പരിശോധിക്കണമെന്നും നിർദേശമുണ്ട്. ഒട്ടുമിക്ക കേന്ദ്രങ്ങളിലും ഇതില്ല. പല അക്ഷയ കേന്ദ്രങ്ങളിലും ഭൗതിക സാഹചര്യങ്ങളില്ല. നടത്തിപ്പുകാർ ചില വില്ലേജ് ഓഫീസർമാരുടെയും സബ് രജിസ്ട്രാർമാരുടെയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരായി പ്രവർത്തിക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. വിജിലൻസ് മേധാവി ടി കെ വിനോദ്കുമാറിന്റെ നിർദേശ പ്രകാരം വിജിലൻസ് ഐജി ഹർഷിത അട്ടല്ലൂരി, എസ്പി ഇ എസ് ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അഴിമതി വാട്ട്സാപ്പിലും അറിയിക്കാം
പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന അഴിമതി വിവരങ്ങൾ വിജിലൻസിന്റെ ടോൾ നമ്പരിൽ അറിയിക്കണമെന്ന് വിജിലൻസ് മേധാവി ടി കെ വിനോദ്കുമാർ പറഞ്ഞു. ടോൾ ഫ്രീ നമ്പർ: 1064, വാട്ട്സാപ്: 8592900900.