യുവാവിൽ നിന്നു മൊബൈൽ ഫോൺ പിടിച്ചു വാങ്ങി, മൊബൈൽ തിരിച്ചുകിട്ടാൻ കാലുപിടിപ്പിച്ച് ഗുണ്ട

news image
Aug 4, 2023, 4:31 am GMT+0000 payyolionline.in

കഴക്കൂട്ടം (തിരുവനന്തപുരം ) :  യുവാവിൽ നിന്നു പിടിച്ചു വാങ്ങിയ മൊബൈൽ ഫോൺ തിരികെ തരണമെങ്കിൽ തന്റെ കാലു പിടിക്കണം എന്ന് ഗുണ്ടാഭീഷണി. ഭീഷണിക്കു വഴങ്ങിയ യുവാവിനെ കൊണ്ട് ഗുണ്ടാ സംഘം കാലിൽ പിടിപ്പിക്കുന്ന ദൃശ്യം പ്രചരിച്ചു. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടാഴ്ച മുൻപാണ് സംഭവം. സംഭവത്തെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഗുണ്ട എയർപോർട്ട് ഡാനിയും (ഡാനിയൽ–34) ഇയാളുടെ കൂട്ടാളികളുമാണ് യുവാവിനെ വിളിച്ചു വരുത്തി കാലു പിടിപ്പിച്ചത്.

ഡാനിക്ക് സഹായിയായി ബൈക്കുകളിൽ എത്തിയ പത്തംഗ സംഘത്തെയും ആരോ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രത്തിൽ കാണാം. നേരത്തേ ഡാനിയും മറ്റു ചിലരുമായി അടിപിടി ഉണ്ടായി. ഇതിന്റെ തുടർച്ചയായി, ബൈക്കിൽ എത്തിയ യുവാവിനെ അനന്തപുരി ആശുപത്രിക്കു സമീപം വച്ച് മർദിച്ചു. തുടർന്ന് യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങി.

താൻ പറയുന്ന സ്ഥലത്തു വന്നാൽ ഫോൺ തരാമെന്ന് ഡാനി പറഞ്ഞു. യുവാവ് ബൈക്കിൽ തുമ്പയ്ക്കു സമീപം കരിമണലിൽ രാത്രിയിൽ എത്തി. ഈ സമയം ഗുണ്ടാ സംഘവുമായി കാത്തു നിന്ന ഡാനി, യുവാവിനെ തന്റെയടുത്തു വിളിച്ചുവരുത്തി. ‘നിനക്കു മൊബൈൽ ഫോൺ വേണമെങ്കിൽ എന്റെ കാലു പിടിക്കെടാ’ എന്ന് ആക്രോശിച്ചു .യുവാവ് മൂന്നു തവണ ഡാനിയുടെ കാലിൽ പിടിക്കുന്നതും ദൃശ്യത്തിൽ കാണാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe