ജലജീവൻ മിഷൻ ചരിത്രനേട്ടം; സംസ്ഥാനത്തെ പകുതി ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ

news image
Aug 1, 2023, 1:01 pm GMT+0000 payyolionline.in

തിരുവനന്തപുരം: ജലജീവൻ മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല, 50 ശതമാനം ഗ്രാമീണവീടുകളിൽ കുടിവെള്ള കണക്ഷൻ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി. നിലവിൽ സംസ്ഥാനത്ത് ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ പകുതിയിലും, ജലജീവൻ മിഷനിലൂടെ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി. ആകെ 35.42 ലക്ഷം ഗ്രാമീണ വീടുകൾക്ക് ടാപ്പ് വഴി കുടിവെള്ളം എന്ന അഭിമാന നേട്ടമാണ്. വെല്ലുവിളികളെല്ലാം അതിജീവിച്ചാണ് കേരളത്തിലെ പകുതി വീടുകൾക്കും ടാപ്പ് കണക്ഷൻ ലഭ്യമാക്കിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ജലജീവൻ മിഷൻ പൂർത്തിയാകുന്ന 2024-ഒാടെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാൻ ഇനിയും 35 ലക്ഷത്തോളം കണക്ഷൻ നൽകേണ്ടതുണ്ടെങ്കിലും, ജലജീവൻ മിഷൻ പ്രവർത്തനം ആരംഭിക്കുമ്പോഴുണ്ടായിരുന്ന 17.49 ലക്ഷം കണക്ഷൻ(ആകെ വീടുകളുടെ 24.76 ശതമാനം) എന്നതിൽനിന്ന് മൂന്നു വർഷമാകുംമുൻപ് കണക്ഷനുകളുടെ എണ്ണം 35.42 ലക്ഷത്തിലും 50 ശതമാനത്തിലുമെത്തിക്കാൻ കഴിഞ്ഞുവെന്നത് സംസ്ഥാനത്തിന് മികച്ച നേട്ടമായി.

കേരള വാട്ടർ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിർവഹണ ഏജൻസികൾ. കേന്ദ്ര മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ വെള്ളമാണു നൽകേണ്ടതെങ്കിലും കേരളീയരുടെ ജലവിനിയോഗത്തിന്റെ പ്രത്യേകതകൾ പരിഗണിച്ച് സംസ്ഥാനത്ത് ഒരാൾക്ക് പ്രതിദിനം 100 ലിറ്റർ എന്നു കണക്കാക്കിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. അയ്യായിരത്തോളം കുടുംബശ്രീ അംഗങ്ങൾക്ക് ഫീൽഡ് പരിശോധനാ കിറ്റുകൾ ഉപയോഗിച്ച് ജലഗുണനിലവാര പരിശോധിക്കുന്നതിനുള്ള പരിശീലനം നൽകിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനും വിവര-വിദ്യാഭ്യാസ-വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ നടത്താനും പഞ്ചായത്തുകളെ പദ്ധതി പ്രവർത്തനങ്ങളിൽ സഹായിക്കാനും വിവിധ എൻ.ജി.ഒകളെ നിർവഹണ സഹായ ഏജൻസികളായി കെ.ആർ.ഡബ്ള്യു.എസ്.എ മുഖേന പഞ്ചായത്തുകളിൽ വിന്യസിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe