ഐഐപിഎസ് ഡയറക്ടർ കെ. എസ് ജെയിംസിനെ കേന്ദ്രം സസ്പെൻഡ് ചെയ്തു

news image
Jul 29, 2023, 11:39 am GMT+0000 payyolionline.in

മുംബൈ : ഇന്‍റർ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് പോപ്പുലേഷൻ സയൻസിന്‍റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മലയാളിയായ കെ എസ് ജെയിംസിനെ കേന്ദ്രസർക്കാർ സസ്പെൻഡ് ചെയ്തു. കേന്ദ്ര സർക്കാരിനായി കുടുംബാരോഗ്യ സർവേ നടത്തുന്ന സ്ഥാപനമാണ് ഐഐപിഎസ്. സർവേ ഫലങ്ങളിൽ കേന്ദ്രസ‍ർക്കാരിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ. നടപടിയിൽ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി.

ജനസംഖ്യാ പഠനവുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രധാന സ്ഥാപനമാണ് മുംബൈയിലെ ഐഐപിഎസ്. വർഷങ്ങളായി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ കുടുംബാരോഗ്യ സർവേ നടത്തുന്ന സ്ഥാപനം. പലപ്പോഴും കേന്ദ്രസർക്കാർ വാദങ്ങളെ ഖണ്ഡിക്കുന്ന ഫലങ്ങളാണ് സർവേയിൽ പുറത്ത് വരാറുള്ളത്. കേന്ദ്രത്തിന് ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയും ഉണ്ടായിരുന്നു. 2018 ൽ ഐഐപിഎസിൽ ഡയറക്ടറായ ഡോ.ജെയിംസിനെ അച്ചടക്ക നടപടിയുടെ ഭാഗമായെന്ന് മാത്രം പറഞ്ഞ് സസ്പെൻ‍ഡ് ചെയ്യാനുള്ള കാരണം ഈ അതൃപ്തിയാണെന്ന വാദമാണ് കോൺഗ്രസ് ഉയർത്തുന്നത്. അവകാശവാങ്ങൾക്ക് ഡാറ്റ തിരിച്ചടിയാവുമ്പോൾ ഇങ്ങനെയൊക്കെയാണ് മോദി സർക്കാർ നേരിടുകയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. വെളിയിട മുക്തഭാരതമെന്ന് അവകാശപ്പെടുമ്പോഴും ആ നേട്ടത്തിലേക്ക് ഇനിയുമേറെ ദൂരമുണ്ടെന്നതായിരുന്നു ഒടുവിലെ കുടുംബാരോഗ്യ സർവേഫലത്തിൽ ഉണ്ടായിരുന്നത്. ലക്ഷദ്വീപ് മാത്രമായിരുന്നു 100 ശതമാനം ഈ നേട്ടത്തിലെത്തിയത്.സർവേ ഫലങ്ങളെ തള്ളി പിന്നാലെ ബിജിപി നേതാക്കൾ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഇക്കോണോമിക് അഡ്വൈസറി കൗൺസിൽ അംഗം ഷമിക രവി സർവേ തെറ്റാണെന്ന് ലേഖനം എഴുതി. അനീമിയ കൂടുന്നതായും, ഗ്രാമങ്ങളിലെ ഇന്ധന ലഭ്യത കുറവാണെന്നും തുടങ്ങി വേറെയും അപ്രിയമായ സർവേ ഫലങ്ങൾ ഉണ്ടായിട്ടുണ്ട്. 2019ൽ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട സർവേ ഫലം പൊതുതെരഞ്ഞെടുപ്പ് കഴിയും വരെ കേന്ദ്രം പുറത്ത് വിടാത്തതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അംഗങ്ങൾ രാജി വച്ചിരുന്നു. സസ്പെൻഷൻ നടപടിയെക്കുറിച്ച് പ്രതികരിക്കാൻ ഡോ.ജെയിംസ് ഇതുവരെ തയ്യാറായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe