മംഗളൂരു: ഉഡുപ്പിയിലെ പാരാമെഡിക്കൽ കോളജിലെ ശുചിമുറിയിൽ മൂന്ന് വിദ്യാർഥിനികൾ സഹപാഠിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിക്കുന്ന സംഭവത്തിന് സാമുദായിക നിറം നൽകി പ്രചരിപ്പിക്കരുതെന്ന് ദേശീയ വനിത കമീഷൻ അംഗവും നടിയുമായ ഖുശ്ബു സുന്ദർ പറഞ്ഞു. വ്യാഴാഴ്ച ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ കെ. വിദ്യാകുമാരി, ജില്ല പൊലീസ് സൂപ്രണ്ട് ഹകായ് അക്ഷയ് മച്ചിന്ദ്ര എന്നിവരുമായി ചർച്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ദേശീയ വനിത കമീഷനെ പ്രതിനിധാനം ചെയ്ത് ഇവിടെ വന്നത് ഒരു വനിതയുടെയോ ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെയോ സംരക്ഷണ ദൗത്യവുമായല്ല. ഈ സംഭവത്തിന് ദയവായി സാമുദായിക നിറം കലർത്തി പ്രചരിപ്പിക്കരുത്. ഇത് എങ്ങനെ വൈറലായി എന്ന് കണ്ടെത്തേണ്ടതുണ്ട്.
അതിന് പല ഘടകങ്ങളും പരിശോധിക്കണം. കോളജ് അധികൃതരിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. കോളജിൽ നടന്ന കാര്യവുമായി ബന്ധമില്ലാത്ത വ്യാജ വിഡിയോകളാണ് പ്രചരിക്കുന്നത്. ആ രംഗങ്ങൾ മൂന്ന് വിദ്യാർഥിനികളുടെ മൊബൈൽ ഫോണുകളിൽ ഇല്ല. പൊലീസിന് തെളിവും ലഭിച്ചിട്ടില്ല. നീക്കം ചെയ്തതാണെങ്കിൽ അതോടെ തീരുന്നില്ല. മൂന്ന് ഫോണുകളും പൊലീസ് ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വരട്ടെ.നിലവിൽ കുറ്റാരോപിതർ എന്നേ വിശേഷിപ്പിക്കാനാവൂയെന്നും ഖുശ്ബു പറഞ്ഞു.
മൂന്ന് വിദ്യാർഥിനികളെയും കോളജ് അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തീവ്രവാദബന്ധം ആരോപിച്ചുള്ള വാട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ, അത്ര വലിയ കഥക്കുള്ള എന്തെങ്കിലും കോളജ് സംഭവത്തിന് പിറകിൽ ഒളിഞ്ഞിരിക്കുന്നതായി ഇപ്പോൾ ചിന്തിക്കാനാവില്ല. അന്വേഷണം പൂർത്തിയാവും മുമ്പേ നിഗമനത്തിലെത്തി അവസാനിപ്പിക്കാൻ വനിത കമീഷൻ കൂട്ടുനിൽക്കില്ല. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ സാമുദായികമോ ആയ സ്വാധീനങ്ങൾക്ക് വഴങ്ങിയാവില്ല കമീഷൻ ഈ കേസ് കൈകാര്യം ചെയ്യുകയെന്നും ഖുശ്ബു പറഞ്ഞു.
സംഭവം നടന്ന കോളജിൽ ഖുശ്ബു സന്ദർശനം നടത്തി. കോളജ് ഡയറക്ടർ രശ്മി, അക്കാദമിക് കോഓഡിനേറ്റർ ബാലകൃഷ്ണ, പ്രിൻസിപ്പൽ രജീപ് മൊണ്ടൽ, ജില്ല നിയമ സേവന അതോറിറ്റി അഭിഭാഷക മേരി ശ്രേസ്ത എന്നിവർ പ്രാഥമിക ചർച്ചയിൽ പങ്കെടുത്തു. കോളജിൽ മൂന്നുവിദ്യാർഥിനികൾ സഹപാഠിയുടെ തമാശ വിഡിയോ (പ്രാങ്ക്) ചിത്രീകരിച്ച സംഭവം വർഗീയ പ്രശ്നമാക്കി മാറ്റാൻ സംഘ്പരിവാർ ശ്രമിക്കുന്നുണ്ട്. ഉടൻ അധികൃതർക്ക് മുന്നിൽ ദൃശ്യങ്ങൾ വിദ്യാർഥിനികൾ ഡിലീറ്റ് ചെയ്യുകയും മാപ്പുപറയുകയും ചെയ്തു.
ജൂലൈ 18നായിരുന്നു സംഭവം. കാമ്പസിൽ ഒതുങ്ങിയ സംഭവം ഉഡുപ്പി എം.എൽ.എ യശ്പാൽ സുവർണയും ബി.ജെ.പിയുമാണ് വിവാദമാക്കിയത്. സംഘ്പരിവാർ സംഘടനകൾ സമരം നടത്തുകയും ചെയ്തു. ഉഡുപ്പിയിലെ സംഭവത്തിലെ വിഡിയോ എന്ന പേരിൽ മറ്റൊരു വിഡിയോയിൽ കന്നട സംസാരം എഡിറ്റ് ചെയ്ത് ചെന്നൈ ആസ്ഥാനമായ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ കലു സിങ് ചൗഹാൻ എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഉഡുപ്പി കോളജിലെ സംഭവവുമായി ബന്ധപ്പെട്ടതല്ലെന്നും പൊലീസ് പറയുന്നു. ഇത് ചെറിയ സംഭവമാണെന്നും മുൻകാലങ്ങളിലും ഇത്തരത്തിൽ നിരവധി കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിലും ആരും അതിന് രാഷ്ട്രീയ നിറം നൽകിയിട്ടില്ലെന്നും ഇപ്പോൾ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.