കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. വിനായകന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ഫെയ്സ്ബുക്ക് ലൈവ് നടത്തിയതെന്ന് വിനായകൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
അതേസമയം, ഫ്ലാറ്റ് ആക്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായി നൽകിയ പരാതി പിൻവലിക്കുന്നതായി വിനായകൻ പൊലീസിനെ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയാണ് വിനായകൻ ഫെയ്സ്ബുക്ക് ലൈവിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചത്. ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ 3 ദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് വിനായകനെ ചോദ്യം ചെയ്തത്.