ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. മാർച്ച് മുതൽ എട്ട് ചീറ്റകളാണ് ഇവിടെ ചത്തത്. ദക്ഷിണാഫ്രിക്കയിൽനിന്നും നമീബിയയിൽനിന്നുമായി എത്തിച്ച 20 ചീറ്റകളിൽ ഒരു വര്‍ഷത്തിനിടെ 40 ശതമാനവും ചത്തത് ഗുരുതര വീഴ്ചയാണെന്നും അവയുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചു.
ഇന്ത്യയില്‍ എത്തിച്ച ചീറ്റകളില്‍ ഭൂരിഭാഗവും ചാകുന്നത് പ്രോജക്ട് ചീറ്റ പദ്ധതിയുടെ പരാജയമാണ് കാണിക്കുന്നതെന്നും ഇത് അഭിമാന പ്രശ്നമാക്കി മാറ്റരുതെന്നും ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, ജെ.ബി. പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചീറ്റകളെ കൂട്ടത്തോടെ ഒന്നിച്ചു പാര്‍പ്പിക്കുന്നത് എന്തിനാണെന്നും കുറച്ചെണ്ണത്തിനെ രാജസ്ഥാനിലേക്ക് മാറ്റിക്കൂടേയെന്നും കോടതി ചോദിച്ചു. ഈ നിർദേശം കഴിഞ്ഞ മേയിൽ നൽകിയതാണെന്ന ചൂണ്ടിക്കാട്ടിയ കോടതി പ്രതിപക്ഷ പാർട്ടിയാണ് അവിടെ ഭരണത്തിലെന്നതിനാൽ വിഷയം രാഷ്ട്രീയമായി എടുക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
എന്നാല്‍, സ്വാഭാവിക പരിതസ്ഥിതിയില്‍നിന്ന് മാറുമ്പോള്‍ ചീറ്റകള്‍ ചാവുന്നത് സ്വാഭാവികമാണെന്നും നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ 50 ശതമാനവും ചത്തേക്കുമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നതായും കേന്ദ്രത്തിനായി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.
നാലു മാസത്തിനിടെ കുനോ ദേശീയോദ്യാനത്തില്‍ എട്ടു ചീറ്റകളാണ് ചത്തത്. ഇന്ത്യയിലെത്തിച്ച 20 ചീറ്റകളില്‍ ബാക്കിയുള്ളത് 15 എണ്ണമാണ്. ചത്തതിൽ മൂന്നെണ്ണം ഇന്ത്യയിൽ എത്തിച്ച ശേഷം ചീറ്റകൾക്ക് പിറന്ന കുട്ടികളായിരുന്നു. മാർച്ച് 27നാണ് ആദ്യ ചീറ്റ ചത്തത്. ഇവയുടെ കഴുത്തിലെ റേഡിയോ കോളറില്‍ നിന്നുണ്ടായ അണുബാധയാകാം മരണകാരണം എന്ന നിഗമനത്തില്‍ അവ നീക്കംചെയ്യാനുള്ള നടപടിയിലേക്കും കടന്നിരുന്നു. എന്നാല്‍, റേഡിയോ കോളറില്‍ നിന്നേറ്റ മുറിവല്ല മരണകാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.