മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കണം: സോഷ്യൽ മീഡിയ കമ്പനികളോട് കേന്ദ്ര സർക്കാർ

news image
Jul 20, 2023, 5:48 am GMT+0000 payyolionline.in

ദില്ലി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ നീക്കാൻ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്ന വിഷയമായതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും രാജ്യത്തെ നിയമം പാലിക്കാൻ കമ്പനികൾ ബാധ്യസ്ഥരാണെന്നും സർക്കാർ നിലപാടെടുത്തു.

അതിനിടെ വിഷയത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. മണിപ്പൂർ കലാപത്തിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാരായ ബിനോയ് വിശ്വം, എ എ റഹീം എന്നിവർ രാജ്യസഭയിൽ നോട്ടീസ് നൽകി. വിഷയത്തിൽ ടിഎൻ പ്രതാപൻ എംപിയും എൻകെ പ്രേമചന്ദ്രനും ലോക്സഭയിലും നോട്ടീസ് നൽകി. ഇവർക്ക് പുറമെ കോൺഗ്രസ് എംപി മനീഷ് തിവാരി എന്നിവർ ലോക്സഭയിലും നോട്ടീസ് നൽകി. രാജ്യസഭയിൽ ഇതേ വിഷയത്തിൽ കോൺഗ്രസ് എംപി മാണിക്യം ടാഗോറും, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരും നോട്ടീസ് നൽകിയിട്ടുണ്ട്.

മണിപ്പൂരിൽ മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പുറത്ത് വന്നത് സംസ്ഥാനത്ത് വീണ്ടും അക്രമം ശക്തമാകുമെന്ന ഭീതി ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രണ്ട് സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതുമാണ് വീഡിയോ. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‍തെയ് വിഭാഗക്കാരാണ് ഇത് ചെയ്തതെന്നാണ് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആരോപിച്ചത്.  ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐടിഎല്‍എഫ് നേതാക്കാള്‍ പറഞ്ഞു.

ഈ സംഭവം നടക്കുന്നതിന് മുമ്പ് ഇവിടെ കുക്കി – മെയ്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്‍കോപിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം അറിയിച്ചു. എന്നാല്‍ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്‍കോപിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും മണിപ്പൂര്‍ പൊലീസിന്റെ വാദം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe