പാലക്കാട് : മീനാക്ഷിപുരം സൂര്യപാറയിൽവച്ച് സ്വർണവ്യാപാരിയുടെ 75 പവൻ (600 ഗ്രാം) സ്വർണവും പണവും ഫോണും കവർന്ന കേസിലെ മുഖ്യസൂത്രധാരൻ അർജുൻ ആയങ്കി പിടിയിൽ. മഹാരാഷ്ട്രയിലെ പുണെയിൽനിന്ന് തിങ്കൾ പുലർച്ചെ നാലിനാണ് മീനാക്ഷിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ, കരിപ്പുർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുൻ ആയങ്കി. മാർച്ച് 26ന് തൃശൂർ കല്ലൂർ പുതുക്കാട് സ്വദേശി റാഫേൽ മധുരയിൽ ആഭരണം കാണിക്കാൻ കൊണ്ടുപോയി ബസിൽ മടങ്ങുമ്പോഴായിരുന്നു കവർച്ച.
വാഹനത്തിലെത്തിയ സംഘം സൂര്യപാറയിൽ ബസ് തടഞ്ഞ് വ്യാപാരിയെ പിടിച്ചിറക്കി കാറിൽ കൊണ്ടുപോയി. പിന്നീട്, ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്വർണവും പണവും കവർന്ന് ഉപേക്ഷിച്ചു. അന്നത്തെ ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, ചിറ്റൂർ ഡിവൈഎസ്പി സുന്ദരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം കൂട്ടുപ്രതികളായ 11 പേരെ പാലക്കാട് നഗരത്തിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.