കോഴിക്കോട്: നഗരത്തിലെ പാലങ്ങളുടെയും റോഡുകളുടെയും നവീകരണ പ്രവൃത്തികൾക്ക് 12.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 9.11 കോടി രൂപ നഗരത്തിലെ പാലങ്ങളുടെ ബലക്ഷയം പരിഹരിക്കാനും സൗന്ദര്യവൽക്കരണത്തിനുമാണ്. പൊതുമരാമത്ത് വകുപ്പിനുകീഴിലെ ദേശീയപാതയിലെ പാലങ്ങൾക്കും റോഡുകൾക്കുമാണ് തുക അനുവദിച്ചത്.
നഗരത്തിലെ പുഷ്പ ജങ്ഷനിൽനിന്ന് ഫ്രാൻസിസ് റോഡിലേക്കുള്ള എകെജി മേൽപ്പാലം പുനരുദ്ധരിക്കാൻ 3.01 കോടി രൂപയും കല്ലുത്താൻ കടവ് പാലത്തിന് 48.6 ലക്ഷം രൂപയും അനുവദിച്ചു. സിഎച്ച് മേൽപ്പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി നവംബറിൽ പൂർത്തീകരിക്കും. 4.22 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. നഗരത്തിലേക്കുള്ള പ്രവേശന കവാടമായ ഫറോക്ക് പാലം പുനരുദ്ധാരണം ഇതിനകം പൂർത്തിയാക്കി.
പശ്ചാത്തല വികസനത്തിനൊപ്പം വിനോദസഞ്ചാര സാധ്യതകൂടി മുന്നിൽക്കണ്ടാണ് പാലങ്ങൾ മോടിപിടിപ്പിക്കുന്നത്. നഗരത്തിലെ എല്ലാ പ്രധാന പാലങ്ങളുടെയും മുഖച്ഛായ മാറ്റും. നഗരത്തെ ടൂറിസ്റ്റ് സിറ്റി ആക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പദ്ധതികളെന്ന് മന്ത്രി പറഞ്ഞു.