തൃശൂർ> ചാലക്കുടിയിലെ വ്യാജ മയക്കുമരുന്ന് കേസ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിചേർക്കപ്പെട്ട ബ്യൂട്ടി പാർലർ ഉടമ ഹൈക്കോടതിയിൽ. പരിയാരം കാളിയങ്കര വീട്ടിൽ ഷീല സണ്ണിയാണ് അഡ്വ. നിഫിൻ പി കരീം മുഖാന്തരം ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാൻ എക്സൈസ് വകുപ്പും തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഫെബ്രുവരി 27നാണ് നോർത്ത് ജങ്ഷനിലെ ബ്യൂട്ടി പാർലറിൽനിന്ന് ഷീലയെ എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ ബാഗിൽ നിന്നും 12 സ്റ്റാമ്പ് കണ്ടെടുത്തതായി ആരോപിച്ച് കേസെടുത്തു. തുടർന്ന് 72 ദിവസം ഇവർ ജയിലിൽ കഴിഞ്ഞു. താൻ നിരപരാധിയാണെന്നും സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ എറണാകുളം എക്സൈസ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. പിടിച്ചെടുത്ത സ്റ്റാമ്പ് കാക്കനാട് ഗവ. ലാബിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നല്ലെന്ന് തെളിഞ്ഞു.