നെടുമ്പാശേരി: അടിവസ്ത്രത്തിൽ അതിവിദഗ്ധമായി തുന്നിച്ചേർത്ത് കൊണ്ടുവന്ന 1128 ഗ്രാം സ്വർണവുമായി രണ്ടു പേർ നെടുമ്പാശേരിയിൽ പിടിയിലായി. പാലക്കാട് സ്വദേശികളായ അബ്ദുൾ റൗഫ്, സക്കീർ എന്നിവരാണ് പിടിയിലായത്. റൗഫിൽ നിന്നും 558 ഗ്രാമും സക്കീറിൽ നിന്നും 570 ഗ്രാമും സ്വർണമാണ് പിടികൂടിയത്.
ദുബൈയിൽ നിന്നും വന്ന ഇരുവരും ഗ്രീൻ ചാനലിലൂടെയാണ് കടക്കാൻ ശ്രമിച്ചത്. അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച ശേഷം അടിവസ്ത്രത്തിന്റെ ഭാഗമെന്ന് തോന്നുന്ന വിധത്തിൽ ചേർത്ത് തയ്ക്കുകയായിരുന്നു. ഇവരുടെ നടത്തത്തിൽ സംശയം തോന്നിയാണ് ദേഹപരിശോധനയ്ക്ക് വിധേയമാക്കി സ്വർണം പിടിച്ചെടുത്തത്.