തൃശൂര്‍: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കി സംസ്‌കരിച്ചു. കോടശേരി പഞ്ചായത്തിലെ ചട്ടിക്കുളം ബാലന്‍പീടികയ്ക്ക് സമീപം പന്നിഫാമിലെ പന്നികളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്‌കരിച്ചത്. ഫാമില്‍ 370 ഓളം പന്നികളാണുണ്ടായിരുന്നത്. പന്നിഫാമിനോട് ചേര്‍ന്നുള്ള വിജനമായ സ്ഥലത്ത് വലിയ കുഴികളെടുത്ത് കുഴിച്ചിടുകയായിരുന്നു. ഒരു കുഴിയില്‍ 40 ഓളം പന്നികളെയാണ് സംസ്‌കരിച്ചത്.
അതേ സമയം കോടശേരി ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. രോഗബാധ സ്ഥിരീകരിച്ച ഫാമില്‍ നിന്നു മറ്റിടങ്ങളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യത്തിലും വിശദാന്വേഷണം നടത്തുന്നുണ്ട്. ചെക്‌പോസ്റ്റുകള്‍ വഴിയുള്ള പന്നിക്കടത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഇതുവഴി പന്നികള്‍ മറ്റുസ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടോ എന്നാണ് തിരക്കുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കുള്ളിലെ കണക്കെടുക്കാനാണ് നിര്‍ദേശിച്ചത്. ചെക്‌പോസ്റ്റുകള്‍ക്കു പുറമേ മറ്റു പ്രവേശനമാര്‍ഗങ്ങളിലും പരിശോധന നടത്തും.
പോലീസ്, മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്വയംഭരണസ്ഥാപന ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍ എന്നിവരുള്‍പ്പെട്ട റാപ്പിഡ് ആക്ഷന്‍ റെസ്‌പോണ്‍സ് ടീം രംഗത്തുണ്ടാകും. ഇവര്‍ പ്രവര്‍ത്തനം തുടങ്ങി. കര്‍ശനപരിശോധന നടത്തിയ ശേഷമേ അതിര്‍ത്തി കടന്നുവരാനാകൂ. പന്നിപ്പനി വൈറസ് കണ്ടെത്തിയാല്‍ വെറ്ററിനറി ഉദ്യോഗസ്ഥരെ വിവരമറിയിക്കണം. തുടര്‍ നടപടിക ആലോചിച്ച് സ്വീകരിക്കും. ഏതാനും മാസങ്ങള്‍ക്കു മുമ്പും ആഫ്രിക്കന്‍ പനി പലയിടത്തും പടര്‍ന്നിരുന്നു. രോഗം പെട്ടെന്ന് പടരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. മുന്‍കരുതല്‍ സ്വീകരിച്ചാല്‍ രോഗബാധ പടരാതെ തടയാനാകുമെന്നും അറിയിച്ചു.
കുറച്ചുനാളുകള്‍ക്ക് മുമ്പ് കോടശ്ശേരിയിലെ ഫാമില്‍ കൂട്ടത്തോടെ 80ല്‍ പരം പന്നികള്‍ ചത്തൊടുങ്ങിയതോടെയാണ് പന്നിപ്പനി ബാധിച്ചെന്ന സൂചന ലഭിച്ചത്. തുടര്‍ന്ന് ബാംഗ്ലൂരിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ മരണകാരണം ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പോലീസ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ച് നിരീക്ഷണവും പരിശോധനയും നടത്തിവരികയായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഈ ഫാമില്‍നിന്നും പന്നിമാംസമോ, പന്നികളേയോ വില്പനയ്ക്കായി കൊണ്ടുപോയിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതോടെ മറ്റ് സ്ഥലങ്ങളിലും ആഫ്രിക്കന്‍ പനി ബാധിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയും ഇല്ലാതായി. രോഗം ബാധിച്ച ഫാമില്‍നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് പന്നിഫാമുകളില്ലെന്നും കണ്ടെത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തികള്‍.