കാസർകോട് : വ്യാജ രേഖ കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് നീലേശ്വരം പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കെ. വിദ്യ. ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് ഇ മെയില്‍ വഴി അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. നാളെ വൈകീട്ട് അഞ്ച് മണി വരെ ഹാജരാകാന്‍ കഴിയില്ലെന്നാണ് വിദ്യ ഇ മെയിലില്‍ വ്യക്തമാക്കിയത്. ചൊവ്വാഴ്ച ഹാജരാകാമെന്നും വിദ്യ അറിയിച്ചു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇന്നലെയാണ് നീലേശ്വരം പൊലീസ് നോട്ടീസ് നല്‍കിയത്. കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജ രേഖ നൽകി ഗസ്റ്റ് ലക്ചർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്‍റെ അന്വേഷണം നടക്കുന്നത്. മഹാരാജാസ് കോളേജിലെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവ. കോളേജിൽ സമർപ്പിച്ചിരുന്നത്.
വ്യാജ പ്രവർത്തി പരിചയ രേഖാ കേസിൽ അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിദ്യയ്ക്ക് ഇന്നലെ കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. 50000 രൂപയുടെ രണ്ട് പേരുടെ ആൾജാമ്യമാണ് കോടതി അനുവദിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. കുറ്റം ആവർത്തിക്കരുത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.