കാക്കനാട്: തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതര പരിക്ക്. മുപ്പത്തടം ഏലൂക്കര ആമിന മൻസിലിൽ അൽത്താഫാണ് (30) അപകടത്തിൽപെട്ടത്. അതേസമയം, അപകടത്തിൽ പരിക്കേറ്റ് കിടന്ന യുവാവിനെ ആരും സഹായിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാക്കനാട് മാർക്കറ്റിന് സമീപം തുണിക്കട നടത്തി വരികയാണ് അൽത്താഫ്. ഉച്ചക്ക് 2.30യോടെ ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന തുണിത്തരങ്ങൾ കടയിൽ എത്തിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അൽത്താഫിനുനേരെ കാക്കനാടിന് സമീപം വള്ളത്തോൾ നഗറിൽവെച്ച് തെരുവുനായ് കുരച്ചുചാടുകയായിരുന്നു. ഭയന്ന് ബ്രേക്കിടുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം മറിഞ്ഞുവീണു. ഇടതുകൈ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. അതേസമയം, അപകടത്തിൽ ഗുരുതര പരിക്കേറ്റ തന്നെ രക്ഷിക്കാനോ പിടിച്ചെഴുന്നേൽപിക്കാൻപോലും ആരും ശ്രമിച്ചില്ലെന്ന് അൽത്താഫ് പറഞ്ഞു. ആരും എത്താതെ വന്നതോടെ ഒടിഞ്ഞ കൈകുത്തി വളരെ കഷ്ടപ്പെട്ടാണ് എണീറ്റുവന്നതെന്നും പിന്നീട് ഏതോ സർക്കാർ വണ്ടിയിലാണ് തന്നെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നുമാണ് അൽത്താഫ് പറയുന്നത്.