ദുബൈ: ബലിപെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി യു.എ.ഇയിൽ കൂടുതൽ തടവുകാരെ മോചിപ്പിക്കുന്നു. കഴിഞ്ഞദിവസം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 988 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടതിനു പിന്നാലെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം 650 പേരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.
ഷാർജ എമിറേറ്റിൽ 390 പേരുടെ മോചനത്തിനാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ അൽ ഖാസിമി അംഗീകാരം നൽകിയത്. നിരവധി തടവുകാർക്ക് മാപ്പ് നൽകാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈോൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുല്ല ഉത്തരവിട്ടിട്ടുണ്ട്. തെറ്റുതിരുത്തി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനും, കുടുംബ ബന്ധം ദൃഢമാക്കാനും തടവുകാര്‍ക്ക് അവസരം നല്‍കാനാണ് മോചനമെന്ന് ഭരണാധികാരികൾ പറഞ്ഞു.