കൊച്ചി: വ്യാജ ബിരു സർട്ടിഫിക്കറ്റ് കേസിൽ കെഎസ്യു നേതാവ് അൻസിൽ ജലീലിന് ഇടക്കാല മുൻകൂർ ജാമ്യം. ഒരാഴ്ച്ചയ്ക്കുള്ളിൽ അൻസിൽ ജലീൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശം നൽകി. ഇദ്ദേഹത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടണമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചക്. കേസ് പരിഗണിച്ച കോടതി വ്യാജ സർട്ടിഫിക്കറ്റുമായി അൻസിൽ ജലീലനെ നേരിട്ട് ബന്ധപ്പെടുത്തുന്ന എന്താണുളളതെന്ന് ചോദിച്ചു. സർട്ടിഫിക്കറ്റ് പൊതുമധ്യത്തിലുണ്ടെന്നത് വാസ്തവമാണ്. ഏതെങ്കിലും അതോറിറ്റിക്ക് മുൻപിൽ ഈ രേഖ അൻസിൽ ജലീൽ സമർപ്പിച്ചെങ്കിൽ തെറ്റുകാരനാണ്. എന്നാൽ അങ്ങനെ ചെയ്തതായി അറിവില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ ചൂണ്ടിക്കാട്ടി.
ഇന്നലെ കേസ് പരിഗണിച്ച കോടതി അൻസിൽ ജലീലിന്റെ അറസ്റ്റ് ഇന്ന് വരെ തടഞ്ഞിരുന്നു. അൻസിലിന്റെ ജാമ്യാപേക്ഷയിലായിരുന്നു നടപടി. നിലപാട് അറിയിക്കാൻ സർക്കാർ ഒരു ദിവസം സമയം തേടിയതിന് പിന്നാലെയാണ് അറസ്റ്റ് ഒരു ദിവസത്തേക്ക് തടഞ്ഞത്. വ്യാജ സർട്ടിഫിക്കറ്റ് പുറത്തുവന്നതോടെ കേരള സർവകലാശാല രജിസ്റ്റാറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വ്യാജ രേഖയുണ്ടായിക്കിയിട്ടില്ലെന്നും പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് വച്ച് ജോലി നേടിയിട്ടില്ലെന്നുമാണ് കെഎസ് യു സംസ്ഥാന കണ്വീനർ അൻസിൽ ജലീൽ കോടതിയിൽ പറഞ്ഞത്.
കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കേറ്റ് വിവാദം കത്തി നിൽക്കുന്നതിനിടയിലാണ് കെഎസ്യു നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റിലും കേരള സർവകലാശാല പൊലീസിനെ സമീപിച്ചത്. 2016 ൽ കേരള സർവകലാശാലയിൽ നിന്ന് അൻസിൽ ജലീൽ ബികോം ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റാണ് സർവകലാശാലക്ക് കിട്ടിയ പരാതിക്കൊപ്പം ഉണ്ടായിരുന്നത്. എസ്എഫ്ഐയാണ് കെഎസ്യു നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാലയെ സമീപിച്ചത്.