തിരുവനന്തപുരം: ജോലിയിൽ വീഴ്ചവരുത്തിയ അഞ്ച് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ ബി. മംഗൾ വിനോദ്, പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസ്, ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ ഇ. ജോമോൾ, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ റെജി ജോസഫ്, ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവർ പി. സൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തൽ, ഭീഷണി, അസഭ്യം പറയൽ, ബസിൽ നിന്ന് ഇറക്കിവിടൽ എന്നീ കാരണങ്ങളാലാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനാണ് മംഗൾ വിനോദിനെ സസ്പെൻഡ് ചെയ്തത്. ടിക്കറ്റ് നൽകാതെ യാത്രക്കാരെ ബസിൽനിന്ന് ഇറക്കിവിട്ടതിനാണ് ജോമോൻ ജോസിനെ സസ്പെൻഡ് ചെയ്തത്. യാത്രക്കാരന് സൗജന്യയാത്ര അനുവദിച്ചതാണ് ജോമോളുടെ പേരിലുള്ള കുറ്റം. മദ്യലഹരിയിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പാർക്കുചെയ്തിരുന്ന ബസിൽ കയറി യാത്രക്കാരനെ അസഭ്യം പറഞ്ഞതാണ് റെജി ജോസഫിനെതിരേയുള്ള കുറ്റം. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് സൈജുവിനെ സസ്പെൻഡ് ചെയ്തത്.