തിരുവനന്തപുരം∙ തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കാൻ തീരുമാനം. മാരകമായ രോഗങ്ങളും മുറിവുകളുമുള്ള നായ്ക്കളെയാണ് കൊല്ലുക. അപകടകാരികളായ നായ്ക്കളെ കുറിച്ച് റവന്യൂ മേധാവികളെ അറിയിക്കാം. മന്ത്രിതലയോഗത്തിലാണ് തീരുമാനം.
കേന്ദ്രത്തിന്റെ അനിമൽ ബർത്ത് കൺട്രോൾ റൂൾസിൽ (എബിസി) ഭേദഗതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അഡ്വക്കറ്റ് ജനറലുമായി ഇക്കാര്യം ചർച്ച ചെയ്തെന്നും നിലവിലെ കേന്ദ്രനിയമവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും തെരുവുനായ വിഷയം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിനുശേഷം തദ്ദേശ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
‘നിലവിലെ എബിസി നിയമങ്ങൾ തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്നു. ഇതാരാണ് എഴുതി ഉണ്ടാക്കിയതെന്ന് അത്ഭുതം തോന്നും. തെരുവുനായ നിയന്ത്രണം നടത്താനല്ല നടത്താതിരിക്കാനാണ് കേന്ദ്ര നിയമം. ഈ ചട്ടങ്ങൾവച്ച് ഒന്നും ചെയ്യാൻ കഴിയില്ല. കയ്യും കാലും കെട്ടിയിട്ട് തെരുവുനായയുടെ മുന്നിൽ ഇടുന്നതു പോലെയാണ്. അപ്രായോഗികമായ, വലിച്ചെറിയേണ്ട നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിമാർ ഇടപെടണം’–മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളുടെ സംഘടനകളുടെ യോഗം വിളിക്കും. ഇപ്പോഴത്തെ നിയമത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിനു പ്രവർത്തിക്കാൻ പരിമിതിയുണ്ട്. പരിമിതിക്കുള്ളിൽ നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യും. മൃഗസ്നേഹികളുടെ സഹായം എബിസി കേന്ദ്രങ്ങൾ നടത്തുന്നതിനു തേടും. അവർക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകും. അവരുടെ പിന്തുണ പ്രധാനമാണ്. 20 എബിസി കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 25 എണ്ണം ഉടൻ സജ്ജമാകും. കൂടുതൽ എബിസി കേന്ദ്രങ്ങൾ ആരംഭിക്കും. മൊബൈൽ എബിസി കേന്ദ്രങ്ങളും തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളില് എബിസി കേന്ദ്രം തുടങ്ങാൻ മൃഗസംരക്ഷണ വകുപ്പുമായി ചർച്ച നടത്തും. ഫണ്ട് തദ്ദേശ വകുപ്പ് നൽകും. അറവുമാലിന്യം തള്ളുന്ന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.