കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍റെ പേര് പറയാൻ ഡിവൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്ന് പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കൽ. ഡിവൈ.എസ്.പി വൈ.ആർ റസ്തം ഭീഷണിപ്പെടുത്തിയെന്നാണ് മോൻസൺ കോടതിയിൽ പറഞ്ഞത്. സുധാകരൻ 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന് പറയാനാണ് ആവശ്യപ്പെട്ടതെന്ന് മോൻസൻ പറഞ്ഞതായി അഭിഭാഷകൻ എം.ജി ശ്രീജിത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസ് അന്വേഷിക്കുന്നത് ഡിവൈ.എസ്.പി വൈ.ആർ റസ്തം ആണ്. മോൻസൺ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ജയിൽ സൂപ്രണ്ട് വഴി പരാതി നൽകാൻ കോടതി ആവശ്യപ്പെട്ടു. മോൻസൺ ഇന്ന് തന്നെ പരാതി നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
‘നീ രാജാവിനെ പോലെയല്ലേ കഴിഞ്ഞത്. രാജാവ് തോറ്റ് കീഴടങ്ങിയാൽ രാജാവിന്‍റെ ഭാര്യയെയും മക്കളെയും ജയിച്ച ആൾ അടിമയാക്കും. ജയിച്ച ആൾ അടിമയാക്കാൻ പോവുകയാണ്.’
‘കൂടെ ഉണ്ടായിരുന്ന രണ്ട് പൊലീസുകാർക്ക് ഭക്ഷണം കൊടുത്തെന്നും എന്നാൽ, മോൻസന് ഭക്ഷണം കൊടുക്കേണ്ടെന്നും കഴിച്ചതിന്‍റെ എച്ചിൽ കൊടുത്താൽ മതി’യെന്നും പറഞ്ഞു. പട്ടിയെന്ന് വിളിച്ചെന്ന് മോൻസൺ കോടതി മുമ്പാകെ അറിയിച്ചു.
സുധാകരന്‍റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്നും ഡിവൈ.എസ്.പി പറഞ്ഞതായും മോൻസൺ കോടതിയെ അറിയിച്ചതായി അഭിഭാഷകൻ വ്യക്തമാക്കി.