കോഴിക്കോട് ∙ നഗരത്തിലെ തിരക്കേറിയ വാഹന പാർക്കിങ്ങ് സ്ഥലങ്ങളിൽനിന്നു ബൈക്കുകൾ മോഷ്ടിക്കുന്ന യുവാവിനെ സിറ്റി ക്രൈം സ്ക്വാഡ് പിടികൂടി. മഞ്ചേരി സ്വദേശി കൊരമ്പയിൽ അനസ് റഹ്മാനാണ് (20) പിടിയിലായത്. ടൗൺ എസി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബീച്ച് റോഡിൽവച്ച് ഇയാളെ പിടികൂടിയത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു സമീപത്തെ പാർക്കിങ് പ്രദേശത്തുനിന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും മോഷണം നടത്തിയ രണ്ട് ഇരുചക്ര വാഹനങ്ങൾ പ്രതിയിൽനിന്നു കണ്ടെടുത്തു. രാത്രികളിൽ മോഷണം തടയുന്നതിനായി പ്രത്യേക വാഹന പരിശോധന നടന്നുവരികയാണ്. റോഡ് ക്യാമറയുടെ കണ്ണുവെട്ടിക്കാൻ മെഡിക്കൽ കോളജിൽനിന്നു മോഷ്ടിച്ച വാഹനത്തിന്റെ നമ്പർ മാറ്റിയശേഷം ആ വാഹനത്തിലാണ് യുവാവ് സഞ്ചരിച്ചിരുന്നത്.
ടൗൺ പൊലീസ് സ്റ്റേഷനിൽ മുമ്പും വാഹനമോഷണ കേസിൽ പ്രതിയാണ് ഇയാൾ. എസ്ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ മുഹമ്മദ് സിയാദ്, ജിതേഷ് കുമാർ, സീനിയർ സിപിഒ പി.സജേഷ് കുമാർ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.