തിരുവനന്തപുരം: കോടതി വിധി മാനിക്കുന്നുവെന്ന് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ. ഇയാൾക്കെതിരായ പോക്സോ കേസിൽ ഇന്നാണ് കോടതി വിധി പറഞ്ഞത്. ജീവപര്യന്തം തടവു ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ 5,25,000 രൂപ പിഴയും അടക്കണം. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം
സാമ്പത്തിക തട്ടിപ്പിൽ ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തൽ ഇല്ലെന്നും മോൻസൻ പ്രതികരിച്ചു. പേരുകൾ വെളിപ്പെടുത്തരുതെന്ന് ഇഡി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ പേര് വെളിപ്പെടുത്താത്തത് ഈ സാഹചര്യത്തിലാണ്. 2018 മുതലുള്ള തന്റെ വീട്ടിലെ സിസിറ്റിവി ദൃശ്യങ്ങൾ കണ്ടെത്താനായാൽ എല്ലാത്തിനും ഉത്തരം കിട്ടുമെന്നും മോൻസൻ പറഞ്ഞു.
അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കില്ലെന്ന് മോൻസൻ മാവുങ്കൽ ആവര്‍ത്തിച്ചു. പോക്സോ കേസിൽ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പായിരുന്നു മോൻസൻ മാവുങ്കലിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട് കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും നേരത്തെയും മോൻസൻ മാവുങ്കൽ പറഞ്ഞിരുന്നു.