ശ്രീകാര്യം: കൊള്ളപ്പലിശക്ക് പണം നൽകി വൻതുകയും വാഹനങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ ശ്രീകാര്യം പൊലീസിന്റെ പിടിയിലായി. ചെറുവയ്ക്കൽ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ശാസ്തമംഗലം മരുതംകുഴി ജി.കെ ടവർ സി 1 അപ്പാർട്ട്മെന്റിൽ വാടകക്ക് താമസിക്കുന്ന അശ്വതി (36), സുഹൃത്ത് മരുതംകുഴി കൂട്ടാംവിള കടുകറത്തല വീട്ടിൽ കണ്ണൻ എന്ന ജയകുമാർ (40) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റുചെയ്തത്.
ചെറുവയ്ക്കൽ സ്വദേശിയായ യുവതിക്ക് ആറു ലക്ഷം രൂപ നൽകി കൊള്ളപ്പലിശയാണ് പ്രതികൾ മടക്കിവാങ്ങിയത്. പലിശയിനത്തിൽ മാത്രം 31.50 ലക്ഷം രൂപയും ഇന്നോവ, ബെലോനോ കാറുകളും തട്ടിയെടുത്തു. തുടർന്ന് പലിശ നൽകാത്തതിന് പ്രതികൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പലിശ മുടങ്ങിയാൽ കാർ, വസ്തുക്കൾ തുടങ്ങിയവ ഭീഷണിപ്പെടുത്തി കൈവശപ്പെടുന്നതാണ് ഇവരുടെ രീതിയെന്ന് കണ്ടെത്തി. ഇവരിൽ നിന്ന് നിരവധി ബ്ലാങ്ക് ചെക്കുകൾ, മുദ്രപത്രങ്ങൾ, കാറുകൾ എന്നിവ പിടിച്ചെടുത്തു.
തിരുവനന്തപുരം മരുതംകുഴി കേന്ദ്രീകരിച്ച് ബ്ലാങ്ക് മുദ്രപത്രങ്ങളും ചെക്കുകളും ഒപ്പിട്ട് വാങ്ങി വട്ടിപ്പലിശക്ക് പണം നൽകുന്ന സംഘത്തിലെ പ്രമുഖ കണ്ണികളാണ് ഇവർ. കൂട്ടുപ്രതി ബാബു എന്നയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. തിരുവനന്തപുരം ഡി.സി.പി വി. അജിത്തിന് യുവതി നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ശ്രീകാര്യം പൊലീസിനെ ഏൽപ്പിച്ചത്. കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി സി.എസിന്റെ മേൽനോട്ടത്തിൽ ശ്രീകാര്യം എസ്.എച്ച്.ഒ ബിനീഷ് ലാൽ, എസ്.ഐ.മാരായ ശശികുമാർ, പ്രശാന്ത്, എ.എസ്.ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത്, ബിനു, റെനീഷ്, ജാസ്മിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.